രാജ്യം നേരിടുന്ന വെല്ലുവിളികൾക്കുള്ള ഉത്തരം ഗാന്ധിജി : കെ. ജയകുമാർ

Posted on: October 2, 2019

കൊച്ചി : ആത്മാവില്ലാത്ത വികസനമാണ് രാജ്യത്തോട് കാണിക്കുന്ന ഏറ്റവും വലിയ അപരാധമെന്ന് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ കേരള മാനേജ്മെൻറ് അസോസിയേഷൻ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയെ സ്വീകരിച്ചാൽ ലാളിത്യം ജീവിതത്തിന്റെ ഭാഗമായി മാറും. രാജ്യം നേരിടുന്ന പല സമീപകാല വെല്ലുവിളികൾക്കുമുള്ള ഉത്തരം ഗാന്ധിജിയാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതലമുറയ്ക്ക് ഗാന്ധിയെ കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. പ്രശ്‌നങ്ങളുടെ നടുവിലാണ് ഇന്ന് രാജ്യം. അക്രമങ്ങളും കലാപവും വർധിച്ചു വരുന്നു. സാങ്കേതിക വിദ്യകൾ സമൂഹത്തിൽ അധാർമികത പറത്താൻ വ്യാപകമായി ഉപയോഗിക്കുന്നു. ഇത്തരം സംസ്‌കാരം സുസ്ഥിര രാജ്യമായി വളരാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. അക്രമത്തിൽ വിശ്വസിക്കുന്ന ഒരു സമൂഹത്തിനു എങ്ങനെ സുസ്ഥിരതാ കൈവരിക്കാൻ കഴിയുമെന്ന് ജയകുമാർ ചോദിച്ചു.

ഗാന്ധിയെ അറിയുകയെന്നാൽ മഹത്തായ ഇന്ത്യൻ പൈതൃകത്തെയും ധാർമ്മികതയെയും അറിയുക എന്നതാണെന്ന് അധ്യക്ഷത വഹിച്ച കെ എം എ പ്രസിഡൻറ് ജിബു പോൾ പറഞ്ഞു.

കെ.എം.എ പ്രസിഡൻറ് ജിബു പോൾ, ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ, എസ്. രാജ്മോഹൻ നായർ എന്നിവർ പങ്കെടുത്തു.