സ്വീഡിഷ് കമ്പനിയായ ലൈറ്റ്ബ്രീസ് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍

Posted on: August 30, 2019

കൊച്ചി: വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് മേഖലയിലെ പ്രമുഖ സ്വീഡിഷ് കമ്പനി ലൈറ്റ്ബ്രീസ് ഇന്‍ഫോടെക് സ്മാര്‍ട്ട്‌സിറ്റി കൊച്ചിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ഒന്നര ദശകമായി കൊച്ചിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ലൈറ്റ്ബ്രീസ് സ്വീഡനിലെ വെബ്ഡിസൈനിംഗ് രംഗത്തെ പ്രമുഖ കമ്പനികളുടെ സേവനദാതാക്കളാണ്.

സ്മാര്‍ട്ട്‌സിറ്റിയുടെ പ്രധാന സമുച്ചയത്തില്‍ 7500 ചതുരശ്ര അടി സ്ഥലത്താണ് കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്.

സ്മാര്‍ട്ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ലൈറ്റ്ബ്രീസിന്റെ നാഴികക്കല്ലുകളില്‍ ഒന്നാണെന്ന് കമ്പനിയുടെ സിഇഒയായ ഡേവിഡ് ക്ലേയ്‌സണ്‍ പറഞ്ഞു. ജീവനക്കാരുടെ ജോലിസാഹചര്യം മെച്ചപ്പെടുത്താനും പുതിയ വാണിജ്യ സാധ്യതകള്‍ക്കും സ്മാര്‍ട്ട്‌സിറ്റി സമുച്ചയത്തിലെ സാന്നിധ്യം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മാര്‍ട്ട്‌സിറ്റിയിലെ കമ്പനികളുടെ സുപ്രധാനപട്ടികയിലേക്ക് ലൈറ്റ്ബ്രീസ് ഇന്‍ഫോടെക്കും കടന്നു വന്നത് സന്തോഷകരമായ കാര്യമാണെന്ന് സ്മാര്‍ട്ട്‌സിറ്റി കൊച്ചി സിഇഒ മനോജ് നായര്‍ പറഞ്ഞു. സേവനരംഗത്തെ അവരുടെ മികച്ച നയങ്ങളും യൂറോപ്യന്‍ ജോലി സാഹചര്യങ്ങളും സ്മാര്‍ട്ട്‌സിറ്റിയുടെ ഐടി അന്തരീക്ഷത്തിന് മുതല്‍ക്കൂട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമായും സ്വതന്ത്ര വെബ് ആപ്ലിക്കേഷനായ ലാറാവെല്‍ ഉപയോഗിക്കുന്ന ലൈറ്റ്ബ്രീസിന് രണ്ട് ദശകത്തിലധികം പരിചയസമ്പന്നതയുണ്ട്. സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വെബ് ഡിസൈനിംഗ് കമ്പനിയാണിത്.