കെ.എം.എ വിദ്യാർഥികൾക്ക് 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു ; വനിതകൾക്കായി ബാക്ക് ടു ഓഫീസ് പദ്ധതി

Posted on: August 9, 2019

കെഎംഎയുടെ 2019 -20 വർഷത്തെ പ്രവർത്തനങ്ങൾ എൽഐസി മാനേജിംഗ് ഡയറക്ടർ ടി.സി. സുശീൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. എസ്.രാജ്മോഹൻ നായർ, ജിബു പോൾ, സി. ബാലഗോപാൽ, ബിബു പുന്നൂരാൻ എന്നിവർ സമീപം.

കൊച്ചി : കേരള മാനേജ്മെൻറ് അസോസിയേഷൻ നിർധനരായ വിദ്യാർഥികൾക്കും ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ് നൽകുമെന്ന് കെ എം എ പ്രസിഡൻറ് ജിബു പോൾ അറിയിച്ചു. വനിതകൾക്കായി ബാക്ക് ടു ഓഫീസ് എന്ന പേരിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. കുടുംബത്തിൻറെയും കുട്ടികളുടെയും പരിപാലനത്തിനായി ജോലി ഉപേക്ഷിക്കുകയും പിന്നീട് ജോലിയിലേക്ക് തിരികെ വരാതിരിക്കുകയും ചെയ്ത വനിതകളെ ഉദ്ദേശിച്ചാണ് ഈ പദ്ധതി നടപ്പാക്കുകയെന്ന് ജിബു പോൾ പറഞ്ഞു. കേരള മാനേജ്മെൻറ് അക്കാദമിയായിരിക്കും പരിശീലനം നൽകുക. കെ.എം.എ യുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടന ചടങ്ങിലാണ് കെ എം എ പ്രസിഡന്റ് പ്രധാന പരിപാടികൾ പ്രഖ്യാപിച്ചത്.

മാലിന്യ സംസ്‌കരണം, നവീന സാങ്കേതിക വിദ്യകൾ, ട്രാൻസ്പോർട്ടേഷൻ, അടിസ്ഥാന സൗകര്യ വികസനം എന്നിവ പഠിക്കുന്നതിനായി കെ എം എ യുടെ പ്രതിനിധി സംഘം വിദേശ രാജ്യം സന്ദർശിച്ച ശേഷം പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറും. ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡൻറ് അവാർഡ് കാര്യക്ഷമമായി നടപ്പാക്കും. കൂടുതൽ പ്രഭാഷണങ്ങളും പാനൽ ചർച്ചകളും സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇൻഡസ്ട്രിയൽ സന്ദർശനങ്ങളും നാക്കും. കെ.എം എ വാർഷിക മാനേജ്മെൻറ് കൺവൻഷൻ ഫെബ്രുവരി 19, 20 തീയതികളിൽ നടക്കും. വാർഷിക അവാർഡുകൾ മെയ് മാസത്തിൽ സംഘടിപ്പിക്കുമെന്നും ജിബു പോൾ അറിയിച്ചു.

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ടി.സി. സുശീൽ കുമാർ പറഞ്ഞു. മാനേജ്മെൻറ് മേഖലയിൽ കെ എം എ യുടെ പ്രവർത്തനം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.എ പ്രസിഡൻറ് ജിബു പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംരംഭകനും എഴുത്തുകാരനുമായ സി.ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ നിന്ന് പിഎച്ച് ഡി കരസ്ഥമാക്കിയ ആദ്യ ഓട്ടോ ഡ്രൈവർ ഡോ.കെ. പി അജിത്തിനെ ചടങ്ങിൽ ആദരിച്ചു. കെ എം എ മുൻ പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ എസ്. രാജ്മോഹൻ നായർ സ്വാഗതവും ഓണററി സെക്രട്ടറി ബിബു പുന്നൂരാൻ നന്ദിയും പറഞ്ഞു.