ജിബു പോൾ കെഎംഎ പ്രസിഡന്റ് ; ബിബു പുന്നൂരാൻ സെക്രട്ടറി

Posted on: July 26, 2019

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ 2019-20 വർഷത്തേക്കുള്ള പ്രസിഡന്റായി ബ്രാൻഡ്‌ബ്രെയ്ൻസ് സിഇഒയും ബ്രാൻഡ് സ്‌പെഷ്യലിസ്റ്റുമായ ജിബു പോൾ തെരഞ്ഞെടുക്കപ്പെട്ടു. മെഡിവിഷൻ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടർ ബിബു പുന്നൂരാനാണ് സെക്രട്ടറി.

സൈബർലാൻഡ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ഡയറക്ടറും മെന്ററുമായ ആർ. മാധവ് ചന്ദ്രനെ സീനിയർ വൈസ് പ്രസിഡന്റായും ഇൻഫിനിറ്റി ഹോസ്പിറ്റാലിറ്റി സർവീസസ് സിഇഒ എൽ. നിർമലയെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു. പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് എച്ച്ആർ വിഭാഗം വൈസ് പ്രസിഡന്റ് ജോസ മാത്യു ജോയിന്റ് സെക്രട്ടറിയും ജെ വി ആർ ആൻഡ് അസോസിയേറ്റ്‌സ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പാർട്ണർ ജോമോൻ കെ. ജോർജ് ട്രഷററുമാണ്. ടാറ്റാ കൺസൾട്ടൻസി സർവീസസ് കേരള വൈസ് പ്രസിഡന്റുംെ ഡെലിവറി സെന്റർ ഹെഡുമായ ദിനേശ് പി. തമ്പി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എന്ന നിലയിൽ ഭരണ സമിതിയിൽ തുടരും.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മാനേജ്‌മെന്റ് വിദ്യാർഥികൾക്കായി 25 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പുകൾ നൽകാൻ കെഎംഎ പുതിയ വർഷത്തിൽ പദ്ധതിയിടുന്നു. ഔദ്യോഗിക മേഖലയിൽ നിന്നു പിന്മാറിയ വനിതകൾക്കായി ബാക്ക് ടു ഓഫിസ് എന്ന പേരിൽ കെഎംഎ മാനേജ്‌മെന്റ് അക്കാദമി പുതിയ സർട്ടിഫിക്കറ്റ് പ്രോഗ്രാം ആരംഭിക്കും.

മാലിന്യനിർമാർജനം, ആർട്ടഫിഷ്യൽ ഇന്റലിജൻസ്, വിവരസാങ്കേതികതാ വികസനം, ഗതാഗതം, അടിസ്ഥാന സൗകര്യമാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നിലനിൽക്കന്ന വിവിധ പ്രശ്‌നങ്ങൾക്കു പരിഹാരം കാണാനുള്ള പഠനത്തിനായി കെഎംഎയുടെ പ്രത്യേക സംഘം യുഎസും യൂറോപ്പും സന്ദർശിക്കും. പഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിനു കൈമാറും.

വ്യവസായ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് 24 സായാഹ്ന ചർച്ചാ പരിപാടികളും പാനൽ ചർച്ചകളും കെഎംഎ ആസൂത്രണംചെയ്യുന്നു. വാർഷിക മാനേജ്‌മെന്റ് കൺവെൻഷനും കെഎംഎ അവാർഡ് നിശയും സിഎസ്ആർ ഉച്ചകോടിയും സംഘടിപ്പിക്കും. രാജ്യത്തെമ്പാടുമുള്ള പ്രമുഖ വ്യവസായ സ്ഥാപനങ്ങളിൽ കെഎംഎ അംഗങ്ങൾക്കായി സന്ദർശന പരിപാടിയും ഇക്കൊല്ലത്തെ പ്രവർത്തന പദ്ധതിയിലുണ്ട്.

കെഎംഎ മാനേജിംഗ് കമ്മിറ്റിയിലേക്ക് വി. ജോർജ് ആന്റണി (യൂണിമണി ഫിനാൻഷ്യൽ സർവീസസ്), എ. ബാലകൃഷ്ണൻ (ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ്), സി. എസ്. കർത്ത (കർത്ത ഷിപ്പിംഗ് സൊല്യൂഷൻസ്), ദീപക് അസ്വാനി (ലക്ഷ്മദാസ് ആൻഡ് സൺസ്), മരിയ ഏബ്രഹാം (ധനം പബ്ലിക്കേഷൻസ്), കെ. രാജൻ ജോർജ് (ആർജി കൺസൽട്ടൻസി), ഡോ. ടി. കെ. രാമൻ (റ്റിൽറ്റ്), ബി. ബാലഗോപാൽ (എസ് ബി ഐ കോർപ്പറേറ്റ് ട്രെയ്‌നർ), പ്രഫ. ഡോ. ജോർജ് വി. ആന്റണി (ഡീൻ, ഫിസാറ്റ് ബിസിനസ്‌സ്‌കൂൾ) എന്നിവരെയും തെരഞ്ഞെടുത്തു.