കെ. എഫ്. സി. 250 കോടി രൂപ സമാഹരിച്ചു

Posted on: July 12, 2019

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ധനകാര്യ സ്ഥാപനമായ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) കടപ്പത്ര വിപണിയില്‍ നിന്ന് 250 കോടി രൂപ സമാഹരിച്ചു.
സംസ്ഥാനത്തെ വ്യവസായ സംരംഭകര്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കും ടേം ലോണ്‍ കൊടുക്കാനാണ് ഈ തുക വിനിയോഗിക്കുക.

8.99 ശതമാനം പലിശനിരക്കില്‍ ഏഴു വര്‍ഷത്തെ കാലാവധിയോടെയാണ് കടപ്പത്രം പുറത്തിറക്കിയത്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഈ കടപ്പത്രത്തിന് റിസര്‍വ് ബാങ്കും സെബിയും അംഗീകരിച്ച രണ്ട് റേറ്റിംഗ് ഏജന്‍സികളില്‍ നിന്നായി എ.എ. (സ്റ്റേബിള്‍- എസ്. ഒ.) റേറ്റിംഗ് ലഭിച്ചിട്ടുണ്ട്.
കെ. എഫ്. സി. ആറു തവണ ബോണ്ട് വഴി തുക സമാഹരിച്ചിട്ടുണ്ട്. ഇത് നിക്ഷേപകര്‍ക്ക് കെ. എഫ്.സി. യുടെ വായ്പാ ആസ്തിയിലുള്ള വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് കെ. എഫ്. സി. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് കൗശിക് അറിയിച്ചു.

തുടക്കത്തില്‍ സര്‍ക്കാര്‍ ഗാരന്റിയോടു കൂടിയാണ് ബോണ്ടുകള്‍ ഇറക്കിയിരിക്കുന്നത്. ഗാരന്റി ഫീസും നികുതിയും കൂടി ചേരുമ്പോള്‍ ഏകദേശം ഒരു ശതമാനം അധിക നികുതി സര്‍ക്കാരിന് നല്‍കേണ്ടി വരുന്നതിനാല്‍ സര്‍ക്കാര്‍ ഗാരന്റിയുള്ള ബോണ്ടുകള്‍ക്ക് പലിശഭാരം കൂടുതലായി. അതിനാല്‍ 2016 മുതല്‍ ബാലന്‍സ് ഷീറ്റിന്റെ അടിസ്ഥാനത്തില്‍ റേറ്റിംഗ് നടത്തിയാണ് കടപ്പത്രങ്ങള്‍ ഇറക്കുന്നത്. സര്‍ക്കാര്‍ ഗാരന്റി ഇല്ലാതെ ബോണ്ട് വഴി പണം സമാഹരിക്കുന്ന സംസ്ഥാനത്തെ ഏക പൊതുമേഖലാ സ്ഥാപനമാണ് കെ. എഫ്. സി.
2018 – ലെ ഐ. എല്‍. ആന്‍ഡ് എഫ് എസിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കടപ്പത്ര വിപണിയില്‍ നിന്ന് എ.എ.എ. റേറ്റിംഗ് ഉള്ള കടപ്പത്രങ്ങള്‍ക്ക് വളരെ തുക സമാഹരിക്കുവാന്‍ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഒമ്പതു ശതമാനത്തിനടുത്ത നിരക്കില്‍ തുക സമാഹരിക്കാന്‍ കഴിഞ്ഞത് വലിയ വിജയമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഏതാണ്ട് 6,000 വ്യവസായ സംരംഭകര്‍ക്കും സര്‍ക്കാര്‍ കരാറുകാര്‍ക്കുമായി 2,700 കോടി രൂപയുടെ വായ്പയാണ് നിലവിലുള്ളത്. ഇത് ഈ വര്‍ഷാവസാനം 3,500 കോടിയായി ഉയര്‍ത്താനാണ് കെ. എഫ്. സി. ലക്ഷ്യമിടുന്നത്. ഏതാണ്ട് 400 പേര്‍ക്കുകൂടി പുതുതായി വായ്പ ലഭിക്കും.

വിപണി അനുകൂലമാണെങ്കില്‍ ഈ വര്‍ഷാവസാനത്തോടെ ഒരു തവണകൂടി കടപ്പത്രമിറക്കാനാവുെന്ന് കെ. എഫ്. സി. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രനാഥ് അറിയിച്ചു.

TAGS: KFC |