ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ്, ഇനി വി.പി.എസ് ലേക്ക്‌ഷോറിനും സ്വന്തം

Posted on: March 1, 2019

കൊച്ചി : ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ബുക്കില്‍, ഇനി, വി.പി.എസ് ലേക്ക് ഷോര്‍ ഹോസ്പിറ്റലിന്റെ പേരും. പുതുവത്സരത്തില്‍ ആശുപത്രിക്കെട്ടിടത്തിന്റെ മുകളില്‍ പടുത്തുയര്‍ത്തിയ കൂറ്റന്‍ മെഡിക്കല്‍ ഇന്‍സ്റ്റലേഷന്റെ പേരിലാണ് വി.പി.എസിന് ഈ ലോക റെക്കോര്‍ഡ്. 31.81 അടി ഉയരവും 22.88 അടി വീതിയുമുള്ള ഈ ഹൃദയമാതൃക, നേരത്തെ, ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്‌സ് വേള്‍ഡ് റെക്കോര്‍ഡും കരസ്ഥമാക്കിയിരുന്നു.

ആശുപത്രിയുടെ മുകളില്‍ സ്ഥാപിക്കപ്പെട്ട, മനുഷ്യാവയവത്തിന്റെ ഏറ്റവും വലിയ മാതൃക, വാലന്റൈന്‍സ് ദിനം രാത്രിയില്‍ പ്രധാനകെട്ടിടത്തിന്റെ താഴേയ്ക്ക് കൊണ്ടുവന്നുസ്ഥാപിച്ചും ലേക്ക്‌ഷോര്‍ ശ്രദ്ധേയമായിരുന്നു. എന്തായാലും, റോഡില്‍ക്കൂടി സഞ്ചരിച്ചിരുന്നവര്‍ക്ക് കൗതുകം പകര്‍ന്ന ഹൃദയം, ആശുപത്രിയിലേയ്ക്ക് എത്തിച്ചേരുന്ന രോഗികള്‍ക്കും മറ്റു സന്ദര്‍ശകര്‍ക്കും ഇപ്പോള്‍ കൗതുകക്കാഴ്ചയായി മാറിക്കഴിഞ്ഞു. ഒട്ടനവധി സ്‌കുള്‍ വിദ്യാര്‍ഥികളും ഹൃദയമാതൃക സന്ദര്‍ശിക്കുവാന്‍ എത്തിച്ചേരുന്നുണ്ട്.

സമൂഹത്തിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പുത്തന്‍ പദ്ധതിപ്രഖ്യാപനങ്ങളുടെ നാന്ദിയായാണ് വി.പി.എസ്, ഈ ഹൃദയമാതൃകയെ കാണുന്നത്. ജീവന്റെ തുടിപ്പുകള്‍ എന്നും നിലനില്‍ക്കുവാന്‍, കൃത്യമായ ബോധവത്ക്കരണവും ആവശ്യമാണെന്ന് കൂറ്റന്‍ ഹൃദയമാതൃകയിലൂടെ ലേക്ക്‌ഷോര്‍ പറഞ്ഞുവയ്ക്കുകയാണ്. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതാദൗത്യമായി ഇക്കാര്യം ഏറ്റെടുക്കുമ്പോള്‍, പ്രചാരണത്തിന്റെ പ്രാഥമികശ്രമങ്ങള്‍ ലേക്ക്‌ഷോര്‍ ആരംഭിച്ചുകഴിഞ്ഞു. ഇക്കാര്യത്തില്‍, ലേക്ക്‌ഷോറിന്റെ പ്രഖ്യാപനങ്ങള്‍ ഉടനുണ്ടാവും.

രോഗപ്രതിരോധം സംബന്ധിച്ച പ്രതിജ്ഞാഫലകത്തിന്റെ കൈയൊപ്പുപ്രചാരണവും ലോക റെക്കോര്‍ഡോടെ ലേക്ക്‌ഷോര്‍ ആരംഭിച്ചുകഴിഞ്ഞു. ഹൃദയത്തിന്റെ അനാട്ടമി മനസിലാക്കുവാനുള്ള ചിത്രങ്ങളും ഹൃദയം സംബന്ധിച്ച കൗതുകവിശേഷങ്ങള്‍ സംബന്ധിച്ച കുറിപ്പുകളുമെല്ലാം ഇന്‍സ്റ്റലേഷനു ചുറ്റും ക്രമീകരിച്ചുകഴിഞ്ഞു.

ലൈഫ്‌ലൈന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥികളായ ടോണി ചിറ്റേട്ടുകളത്തിന്റെയും ജിംസണ്‍ ഗോപാലിന്റെയും നേതൃത്വത്തില്‍ കലാസംവിധായകന്‍ സുനില്‍ ലാവണ്യയും പതിനാലംഗ സംഘവും ചേര്‍ന്നാണ് പതിനഞ്ചു ദിവസം കൊണ്ട് ഈ ഹൃദയമാതൃക പൂര്‍ത്തിയാക്കിയത്. മെറ്റല്‍പൈപ്പുകളും മെഷും പോളിഫോമുമടക്കമുള്ള ഒന്നര ടണ്ണോളം വരുന്ന നിര്‍മാണസാമഗ്രികളാണ് 31 അടി ഹൃദയത്തിന് ഊടും പാവും നെയ്തത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എസ്.കെ അബ്ദുള്ള, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നിഹാജ് ജി മൊഹമ്മദ്, മീഡിയ കോഓര്‍ഡിനേറ്റര്‍ മായ എം എന്നിവരാണ് ലോകറെക്കോര്‍ഡിലേയ്ക്ക് ലേക്ക്‌ഷോറിന് നേതൃത്വം നല്‍കിയത്.

സ്‌കൂള്‍ ഗ്രൂപ്പുകളടക്കമുള്ളവര്‍ക്ക് ഇന്‍സ്റ്റലേഷന്‍ കാണാനുള്ള അവസരവും ലേക്ക്‌ഷോര്‍ ഒരുക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7559020088 എന്ന നമ്പരില്‍ ബന്ധപ്പെടാം.

TAGS: VPS Lakeshore |