വ്യവസായ മേഖലയിൽ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി

Posted on: June 13, 2017

കെഎസ്‌ഐഡിസി മെഗാ ഫുഡ് പാർക്കിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.  മെഗാ ഫുഡ് പാർക്ക് സിഇഒ ബിനിൽ കുമാർ, കെഎസ്‌ഐഡിസി എംഡി ഡോ. എം.  ബീന, എ എം ആരിഫ് എംഎൽഎ, കെ സി വേണുഗോപാൽ എംപി, മന്ത്രി പി. തിലോത്തമൻ, വ്യവസായ മന്ത്രി എ സി മൊയ്തീൻ, ഡോ. ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവർ സമീപം.

കൊച്ചി : വ്യവസായ മേഖലയിൽ പശ്ചാത്തല സൗകര്യ വികസനം സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമയബന്ധിതമായി വ്യവസായ സംരംഭം തുടങ്ങാൻ സഹായകരമായ നയം രൂപീകരിക്കും. വ്യവസായ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേർത്തലയിലെ പള്ളിപ്പുറത്ത് കെ എസ് ഐ ഡി സി ആരംഭിച്ച മെഗാ ഫുഡ് പാർക്ക് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.

വ്യവസായ മേഖലയിൽ വരുന്നതെല്ലാം പോരട്ടെ എന്ന സമീപനം സർക്കാരിനില്ല. നാടിനിണങ്ങിയതും പരിസ്ഥിതിക്ക് കോട്ടം തട്ടാത്തതുമായ വികസനം മാത്രമേ നടപ്പാക്കു. നഷ്ടത്തിലായ വ്യവസായ സ്ഥാപനങ്ങൾ ലാഭത്തിലാക്കും. പള്ളിപ്പുറത്തെ മെഗാ ഫുഡ് പാർക്ക് സമുദ്രോത്പന്ന കയറ്റുമതിയുടെ ഉണർവിനെ ത്വരിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പാർക്കിന് കൊച്ചിയുമായുള്ള സാമീപ്യം ഗുണം ചെയ്യും. ഗ്രാമപ്രദേശങ്ങളുടെ സാമ്പത്തിക ഉത്തേ ജനത്തിനായി കുടുതൽ വ്യവസായ വളർച്ചാ കേന്ദ്രങ്ങൾ ഗ്രാമീണ മേഖലയിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.

വ്യവസായ പാർക്കുകൾക്ക് പശ്ചാത്തല സൗകര്യമൊരുക്കുമെന്നും ചെറുപ്പക്കാരെ തൊഴിൽ സംരംഭകരാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടരുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു. ഭക്ഷ്യമന്ത്രി പി.തിലോത്തമൻ മുഖ്യാതിഥിയായിരുന്നു. കെ സി വേണുഗോപാൽ എംപി, എ.എം. ആരിഫ് എംഎൽഎ, കെഎസ്‌ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ജനറൽ മാനേജർ കെ. ജി. അജിത്കുമാർ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, ആലപ്പുഴ ജില്ലാ കളക്ടർ വീണ എൻ. മാധവൻ, തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമല സെൽവരാജ്, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിൽജ സലീം, ജില്ലാ പഞ്ചായത്ത് മെമ്പർ സിന്ധു വേണു, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചാത്ത് മെമ്പർ പി.ഡി. സബീഷ്, ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.കെ. രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു. കെഎസ്‌ഐഡിസി എംഡി ഡോ.എം ബീന സ്വാഗതവും മെഗാ ഫുഡ് പാർക്ക് സിഇഒ എം.ടി ബിനിൽ കുമാർ നന്ദിയും പറഞ്ഞു.

TAGS: KSIDC |