പോളിസി ഉടമയ്ക്ക് പൂർണ ആനുകൂല്യം നൽകാൻ ഉപഭോക്തൃ കമ്മീഷൻ നിർദേശം

Posted on: March 9, 2021

കൊച്ചി : പോളിസി രേഖയില്‍ പിശക് പറ്റിയതിന്റെ പേരില്‍ ഉടമയ്ക്ക് ആനുകൂല്യം നിഷേധിക്കരുതെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. പോളിസിയില്‍ രേഖപ്പെടുത്തിയ ആനുകൂല്യം ഉടമയ്ക്ക് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവായി. കുമ്പളങ്ങി സ്വദേശി ജോസഫ് സക്കറിയയുടെ പരാതിയിന്മേലാണ് കമ്മിഷന്റെ ഉത്തരവ്.

10 വര്‍ഷം മുമ്പ് ഇദ്ദേഹം എടുത്ത പോളിസി പ്രകാരം, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 75,000 രൂപ ലഭിക്കുമെന്നാണ് രേഖ. എന്നാല്‍ 2017-ല്‍ കാലാവധി പൂര്‍ത്തിയായപ്പോള്‍ 29,610 രൂപയുടെ ആനുകൂല്യത്തിനാണ് അര്‍ഹതയെന്ന് എല്‍.ഐ.സി. അറിയിച്ചു.

പോളിസി രേഖയില്‍ പിശക് പറ്റിയതാണെന്നും അവര്‍ ഉടമയെ അറിയിച്ചു. എന്നാല്‍, ഈ വാദം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ തള്ളുകയായിരുന്നു.

രേഖയില്‍ പറഞ്ഞിട്ടുള്ള തുക നല്‍കണമെന്ന് കമ്മിഷന്‍ അംഗം വി. രാമചന്ദ്രന്റെ ഉത്തരവില്‍ പറയുന്നു. കോടതിച്ചെലവായി എല്‍.ഐ.സി. 5,000 രൂപ കൂടി പോളിസി ഉടമയ്ക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.