ആനന്ദ ഡിജിറ്റല്‍ ആപ്ലിക്കേഷനുമായി എല്‍.ഐ.സി.

Posted on: November 25, 2020

കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ‘എല്‍.ഐ.സി.’ ഏജന്റുമാരുടെ സഹായത്തോടെ ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷ എളുപ്പമാക്കാന്‍ ആത്മനിര്‍ഭര്‍ ഏജന്റ്സ് ന്യൂ ബിസിനസ് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ (ആനന്ദ) അവതരിപ്പിച്ചു. ഇതോടെ കടലാസ് രഹിത നടപടികളോടെ ഏജന്റ് വഴി ഉപഭോക്താക്കള്‍ക്ക് എളുപ്പം പോളിസിയെടുക്കാന്‍ സാധിക്കും.

ഏജന്റിന് ഒരു ലാപ്ടോപ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് കണക്ഷന്‍, മൊബൈല്‍ എന്നിവയുടെ സഹായത്തോടെ പോളിസി ലഭ്യമാക്കാം. ഉപഭോക്താക്കള്‍ക്ക് വീട്ടില്‍/ഓഫീസില്‍ നിന്നുതന്നെ ആനന്ദ ആപ്പ് വഴി പെട്ടെന്ന് പോളിസിയെടുക്കാവുന്നതാണ്. ഏജന്റിനും ഉപഭോക്താവിനും മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്ത ആധാര്‍ ആവശ്യമാണ്.

ആനന്ദ ആപ്ലിക്കേഷന്‍ എല്‍.ഐ.സി. ചെയര്‍മാന്‍ എം.ആര്‍. കുമാര്‍ അവതരിപ്പിച്ചു. മാനേജിംഗ്് ഡയറക്ടര്‍മാരായ ടി.സ്. സുശീല്‍ കുമാര്‍, മുകേഷ് കുമാര്‍ ഗുപ്ത, രാജ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.