ഭര്‍ത്താവിന്റെ അപകടമരണം : പുനര്‍വിവാഹത്തിന്റെ പേരില്‍ ഭാര്യയ്ക്ക് നഷ്ടപരിഹാരം നിഷേധിക്കരുത്

Posted on: July 9, 2020

കൊച്ചി : വാഹനാപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട സ്ത്രീയുടെ നഷ്ടപരിഹാരത്തിനുള്ള അര്‍ഹത പുനര്‍വിവാഹത്തോടെ ഇല്ലാതാകുന്നില്ലെന്നു ഹൈക്കോടതി. വിവാഹം കഴിഞ്ഞ് 3 മാസത്തിനുള്ളില്‍ ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ച 21 വയസ്സുള്ള യുവതി 3 വര്‍ഷം കഴിഞ്ഞു പുനര്‍വിവാഹം ചെയ്തതോടെ നഷ്ടപരിഹാരത്തിനുള്ള അര്‍ഹത കുറയുമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം തള്ളിയാണു വിധി.

2002 ജനുവരിയില്‍ എറണാകുളം – പാലാരിവട്ടം റോഡില്‍ ബൈക്ക് ഓടിച്ചു പോകുമ്പോള്‍ കാറിടിച്ചു മരിച്ച മൂവാറ്റുപുഴ സ്വദേശി അനില്‍ ഏബ്രഹാമിന്റെ ഭാര്യയും മാതാപിതാക്കളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചാണു ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്. നഷ്ടപരിഹാര കേസ് നിലനില്‍ക്കേ 2005 ല്‍ യുവതി പുനര്‍വിവാഹിതയായെന്ന് യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി വാദിച്ചിരുന്നു.

ഭര്‍ത്താവിനെ നഷ്ടപ്പെട്ട യുവതി ശിഷ്ടകാലം മുഴുവന്‍ വൈധവ്യം അനുഭവിച്ചു. കണ്ണീരില്‍ കഴിയണമെന്ന് ഇന്നത്തെ സമൂഹം ചിന്തിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ‘ജീവിതശൈലിയിലും സാമൂഹിക സാമ്പത്തിക രീതികളിലും കാലം വരുത്തുന്ന മാറ്റങ്ങളുടെ പ്രതിഫലനം നിയമചിന്താഗതിയിലും ഉണ്ടാകണം. പുനര്‍വിവാഹത്തോടെ ഒരു സ്ത്രീ മുന്‍ ഭര്‍ത്താവിന്റെ വീട്ടുകാരോടുള്ള ബന്ധം വിച്ഛേദിക്കുമെന്നതു പഴയകാല ചിന്തയാണ്. മുന്‍ഭര്‍ത്താവിന്റെ മാതാപിതാക്കളും സഹോദരങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്തുകയും അവരോടുള്ള കടമകള്‍ നിര്‍വഹിക്കുകയും ചെയ്യുന്നവരുണ്ടാകാം’. – കോടതി പറഞ്ഞു.

TAGS: High Court | Insurance |