എല്‍ഐസി പോളിസികള്‍ കൂടുതല്‍ ജനപ്രിയമാകും : മേഖലാ മാനേജര്‍

Posted on: November 26, 2019

മൂവാറ്റുപുഴ : എല്‍ഐസി പോളിസികള്‍ കൂടുതല്‍ ജനപ്രിയമാക്കുന്നതിനായി ചെറിയ മാറ്റങ്ങളോടെ പഴയ പോളിസികള്‍ പുനരവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ണമായെന്ന് എല്‍ഐസി ദക്ഷിണ മേഖലാ മാനേജര്‍ കെ. കതിരേശന്‍. ഇരുപതോളം പഴയ പോളിസികളിലാണ് മാറ്റങ്ങള്‍ വരുത്തി പുനരവതരിപ്പിക്കുന്നത്. പോളിസികളൊന്നും പിന്‍വലിക്കാതെയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ എല്‍ഐസി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കാന്‍സര്‍ കവര്‍ പോളിസികള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ എടുക്കുന്നത് കേരളത്തിലാണ്. ആരോഗ്യരംഗത്തെ മലയാളികളുടെ ഉയര്‍ന്ന ബോധമാണ് ഇതിന്റെ കാരണം. കേരളത്തില്‍ എല്‍ഐസി നടത്തുന്ന ബിസിനസില്‍ 16 % വരെ ഇപ്പോള്‍ കാന്‍സര്‍ കവര്‍ പോളിസിയുടെ വില്‍പനയാണെന്നും അദ്ദേഹം പറഞ്ഞു.

സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ പി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ ശശിധരന്‍, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്, മേരി ജോര്‍ജ് തോട്ടം, സീനിയര്‍ ബ്രാഞ്ച് മാനേജര്‍ ടി.ഐ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ ആശുപത്രിക്കു സമീപം വാടക കെട്ടിടത്തിലാണ് ഇതുവരെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. 7 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്.

TAGS: LIC |