റിയൽ എസ്‌റ്റേറ്റ് ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം

Posted on: April 8, 2015

Real-Estate-Bill-big

തിരുവനന്തപുരം : റിയൽ എസ്റ്റേറ്റ് മേഖലയിലെ തട്ടിപ്പുകൾ തടയുന്നതിനുള്ള റിയൽഎസ്റ്റേറ്റ് (റെഗുലേറ്ററി ആൻഡ് ഡവലപ്‌മെന്റ്) ഓർഡിനൻസിന് മന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്രയ്ക്കു ശേഷം രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം നിയമം നടപ്പാക്കുന്നത്.

വില്പനയ്ക്കായി നിർമ്മിക്കുന്ന ഗാർഹിക, വാണിജ്യ, ഓഫീസ്, ബിസിനസ്, ഐടി & ഐടിഇഎസ് കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും നിർമാണവും വില്പനയും പരിപാലനവും കൈമാറ്റവും ഉൾപ്പടെയുള്ള കാര്യങ്ങൾ നിയമവിധേയമാക്കാൻ പുതിയ ഓർഡിനൻസിലൂടെ സാധിക്കും. റിയൽ എസ്‌റ്റേറ്റ് റെഗുലേറ്ററി അഥോറിട്ടി, റിയൽ എസ്‌റ്റേറ്റ് അപ്പലേറ്റ് ട്രൈബ്യൂണൽ എന്നീ രണ്ട് സ്ഥാപനങ്ങൾ രൂപീകരിക്കാനും ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

മനപ്പൂർവം പണികൾ നടത്താതിരിക്കുക, ഗുണനിലവാരമില്ലാത്ത സാമഗ്രികൾ ഉപയോഗിക്കുക, നിബന്ധനകൾ പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിൽ അഥോറിട്ടിയെ സമീപിക്കാം. ഉപഭോക്താക്കളുടെയും ഉടമകളുടെയും താത്പര്യം സംരക്ഷിച്ചുകൊണ്ടാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്.