പുറവങ്കര കമ്പനിയായ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് കേരളത്തിലെ ആദ്യ റസിഡന്ഷ്യല് പ്രോജക്റ്റിന് തുടക്കം കുറിച്ചു

Posted on: February 19, 2022

കൊച്ചി : പുറവങ്കര ഗ്രൂപ്പിന്റെ പൂര്ണ്ണ സബ്‌സിഡിയറി ആയ പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് കേരളത്തിലെ ആദ്യ പ്രോജക്റ്റിന് തുടക്കം കുറിക്കുന്നു. കൊച്ചിയിലെ പ്രൊവിഡന്റ് വിന്വര്ത്തിന്റെ അവതരണം കമ്പനി പ്രഖ്യാപിച്ചു. നഗരത്തിനായി ആസൂത്രണം ചെയ്തിട്ടുള്ള ഈ അഭിമാനാര്ഹമായ പ്രോജക്റ്റിന് 3000 കോടി രൂപയുടെ പദ്ധതി മൂല്യമാണുള്ളത്. ഇന്റര്‌നാഷണല് ഫിനാന്‌സ് കോര്പ്പറേഷന് (IFC), ഐഎഫ്‌സി എമര്ജിങ് ഏഷ്യാ ഫണ്ട് എന്നിവയില് നിന്ന് പ്രൊവിഡന്റിന് മൂലധനം ലഭിക്കുന്ന നാലു പ്രോജക്റ്റുകളില് ഒന്നു കൂടിയാണിത്.

കഴിഞ്ഞ ഒരു ദശാബ്ദമായി കൊച്ചി വളരെയേറെ പ്രിയപ്പെട്ട റസിഡന്ഷ്യല് മേഖലയായി വളര്ന്നിട്ടുണ്ട്. വികസിക്കുന്ന ഐടി ലാന്ഡ്‌സ്‌കേപ്പ്, മികച്ച വാണിജ്യ കേന്ദ്രങ്ങള്, കല, സിനിമ എന്നിവയോടുള്ള താല്പര്യം തുടങ്ങിയവ നഗരത്തെ വളരെ മികച്ച നിലയിലേക്ക് ഉയര്ത്തിയിരിക്കുകയാണ്.

ഈ വലിയ നഗരത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള് തന്നെ ഇവിടെ താമസിക്കുന്നവരുടെ താല്പര്യങ്ങള് ഉയര്ത്തിക്കാട്ടുന്നതാണ്. ആഡംബരം, ഉയര്ന്ന നിലവാരത്തിലുള്ള ജീവിതം, വിലമതിക്കാനാവാത്ത മൂല്യം എന്നിവയ്ക്ക് ഇവിടെ മുന്ഗണന ലഭിക്കുന്നു. ഇന്നത്തെ കാലത്ത് ഒരു വീടു വാങ്ങുന്നവര് കാര്യങ്ങളെ കുറിച്ച് മികച്ച അവബോധമുള്ളവരും തങ്ങളുടെ ആവശ്യങ്ങളുടെ കാര്യത്തില് വ്യക്തതയുള്ളവരുമാണ്. പുതുതലമുറ ഉപഭോക്താക്കള്ക്കിടയിലെ വളര്ന്നു വരുന്ന ഈ ആവശ്യങ്ങള് നിറവേറ്റാനാണ് പ്രൊവിഡന്റ് ഹൗസിങ് തങ്ങളുടെ ഏറ്റവും പുതിയ അവതരണത്തിലൂടെ ശ്രമിക്കുന്നത്.

പ്രൊവിഡന്റ് സണ്വര്ത്ത്, പ്രൊവിഡന്റ് പാര്ക്ക് സ്‌ക്വയര്, അഡോറ ഡി ഗോവ എന്നിവയടക്കമുള്ള പദ്ധതികളുടെ വിജയത്തിനു ശേഷം പുതിയ പ്രോജക്റ്റിലൂടെ പുതിയ നാഴികക്കല്ലു പിന്നിടാനാണ് പ്രൊവിഡന്റ് ശ്രമിക്കുന്നത്. കൊച്ചിയിലെ അതിവേഗം വളരുന്ന മേഖലകളിലൊന്നായ ഇടപ്പള്ളിയിലാണ് പ്രൊവിഡന്റ് വിന്വര്ത്ത്. മെട്രോ റെയിലും റോഡും വഴി മികച്ച രീതിയില് കണക്ടഡ് ആയിട്ടുള്ള ഇടം കൂടിയാണിത്. ഒരു ബദല് ബിസിനസ് കേന്ദ്രം കൂടിയായി ഇവിടം വളര്ന്നിട്ടുണ്ട്.

ലക്ഷ്വറിയും അഫോഡബലിറ്റിയും പരസ്പരം പൊരുത്തപ്പെട്ടിരിക്കുന്നു എന്നതാണ് പ്രൊവിഡന്റ് ഹൗസിംഗിനു പിന്നിലുള്ള ചാലക ശക്തികളിലൊന്ന് എന്ന് പുറവങ്കര ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര് അഷീഷ് പുറവങ്കര ചൂണ്ടിക്കാട്ടി. കേരളത്തിലെ തങ്ങളുടെ ആദ്യ പ്രീമിയം അഫോഡബിള് പ്രോജക്റ്റിന് കൊച്ചിയില് തുടക്കം കുറിക്കുന്നതില് തങ്ങള്‌ക്കേറെ ആഹ്ലാദമുണ്ട്. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി നഗരം അതിന്റെ അടിസ്ഥാന സൗകര്യങ്ങള് ഉയര്ത്തുകയും അതോടൊപ്പം തന്നെ സാംസ്‌ക്കാരിക തലസ്ഥാനമായി സ്ഥാപിക്കപ്പെടുകയും ചെയ്യുന്നതിനു തങ്ങള് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ പുതിയ നീക്കത്തിലൂടെ നഗരത്തില് ഒരു നാഴികക്കല്ലു സൃഷ്ടിക്കുകയും താമസക്കാര്ക്കായി അതുല്യമായ ഒരു ജീവിത അനുഭവം പ്രദാനം ചെയ്യുകയുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

പുറവങ്കര ഗ്രൂപ്പിന്റെ സിഇഒ അഭിഷേക് കപൂര്, പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡിന്റെ സിഒഒ മല്ലാന്ന സസാലു എന്നിവര്‌ക്കൊപ്പം ഈ പ്രോജക്റ്റ് വന് വിജയമാകുമെന്ന് തനിക്കുറപ്പാണ്. കേരളത്തില് തങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നതില് താന് ഏറെ ആവേശഭരിതനാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

വാസ്തുശില്പ മൂല്യങ്ങളും നഗരത്തിന്റെ ആഗ്രഹങ്ങളും സന്തുലനം ചെയ്തുള്ളതാണ് പ്രൊവിഡന്റ് വിന്വര്ത്ത് എന്ന് പുറവങ്കര ലിമിറ്റഡ് സിഇഒ അഭിഷേക് കപൂര് പറഞ്ഞു. ആശയം മുതല് നിര്മാണം വരെയുള്ള എല്ലാ തലങ്ങളിലും ഈ പദ്ധതി മലബാറിന്റെ ധനികമായ പാരമ്പര്യം ഉള്‌ക്കൊള്ളുന്നുണ്ട്. റീട്ടെയില്, കമേഴ്‌സ്യല് ഘടകങ്ങളോടെ ഇടപ്പള്ളിയിലെ ഏറ്റവും വലിയ സമ്മിശ്ര വികസനമായിരിക്കും ഇത്. എല്ലായിപ്പോഴും എന്നതു പോലെ തങ്ങളുടെ ഏറ്റവും വലിയ മുന്ഗണന എന്നത് വീടു വാങ്ങുന്നവരുടെ ജീവിത ശൈലി ഉയര്ത്തുകയും മികച്ചതാക്കുകയും ചെയ്യുന്ന ഗുണമേന്മയുള്ള വീടുകള് ലഭ്യമാക്കുക എന്നതായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

നൂതനമായ ക്വാസി ബുക്ക് ബില്ഡിംഗ് രീതിയിലൂടെയാണ് പ്രോജക്റ്റ് വിപണിയില് അവതരിപ്പിക്കുന്നത്. അടിസ്ഥാനപരമായ ഡിമാന്ഡ്-സപ്ലൈ മെട്രിക്‌സ് വില കണ്ടെത്തല് രീതിയെ നയിക്കും. പ്രീ-ബുക്കിംഗ് പ്രക്രിയയില് തന്നെ ഓരോ തരത്തിലുള്ള യൂണിറ്റുകളുടെയും പ്രൈസ്-ബാന്ഡ് സഹിതം സമഗ്രമായ ഉല്പ്പന്ന വിവരങ്ങള് ലഭ്യമാക്കുന്നു. ഭാവിയില് വാങ്ങുന്നവരില് നിന്നുള്ള താല്പ്പര്യ പ്രകടനങ്ങള് (ഇഒഐ) പ്രോജക്റ്റിന്റെ ഡിമാന്ഡ് അളക്കാനും ഡാറ്റാധിഷ്ഠിത വിലനിര്ണ്ണയ തീരുമാനം കൈവരിക്കാനും സഹായിക്കുന്നു.

കഴിഞ്ഞ 13 വര്ഷമായി പ്രൊവിഡന്റ് ഹൗസിംഗ് ലിമിറ്റഡ് രാജ്യത്തെ റെസിഡന്ഷ്യല് റിയല് എസ്റ്റേറ്റില് ആധിപത്യം പുലര്ത്തുന്നത് തുടരുന്നു. പുറവങ്കര ഗ്രൂപ്പിന്റെ ലോഞ്ച് പൈപ്പ്‌ലൈനിന്റെ 42% പ്രൊവിഡന്റ് ഹൗസിങ് ലിമിറ്റഡ് ആണ്. ബാംഗ്ലൂര്, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പൂനെ, ഗോവ, കൊച്ചി, കോയമ്പത്തൂര്, മംഗലാപുരം എന്നീ 9 നഗരങ്ങളിലായി 21 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള് കമ്പനി ആരംഭിച്ചിട്ടുണ്ട്. അതില് 12 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പ്രോജക്ടുകള് ഉപയോക്താക്കള്ക്ക് കൈമാറി കഴിഞ്ഞു.