അസറ്റ് ഹോംസ് മൂന്ന് പുതിയ മേഖലകളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കുന്നു

Posted on: January 13, 2021

കൊച്ചി : പ്രമുഖ ബില്‍ഡറായ അസറ്റ് ഹോംസ് വികസന പദ്ധതികളുടെ ഭാഗമായി സ്റ്റുഡന്റ് ഹൗസിംഗ്, സീനിയര്‍ ലിവിംഗ്, അഫോഡബ്ള്‍ ഹൗസിംഗ് എന്നീ മൂന്ന് പുതിയ മേഖലകളിലേക്കു കൂടി സാന്നിധ്യം വ്യാപിപ്പിക്കുന്നു.

കൊച്ചിയില്‍ കാക്കനാട് ‘ഡൗണ്‍ ടു എര്‍ത്ത്’ എന്ന പേരിലാണ് കുറഞ്ഞ വിലയിലുള്ള അപ്പാര്‍ട്ട്‌മെന്റുകളുടെ പദ്ധതി നടപ്പാക്കുക. മുതിര്‍ന്ന പൗരന്‍മാര്‍ക്കായി പാര്‍പ്പിടങ്ങള്‍ നിര്‍മിക്കാന്‍ യു.എസ്.ടി. സ്ഥാപകനും 10 കോടി ഡോളറിന്റെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടറുമായ സാജന്‍ പിള്ളയ്ക്ക് നിക്ഷേപമുള്ള സീസണ്‍ ടു ലിവിംഗുമായി ധാരണയിലെത്തി. ആലുവ രാജഗിരി ഹോസ്പിറ്റലിനു സമീപം 360 അപ്പാര്‍ട്ട്മെന്റുകളുള്‍പ്പെട്ടതാണ് ‘യംഗ് അറ്റ് ഹാര്‍ട്ട്’ എന്ന പേരിലുള്ള ഈ പദ്ധതി.

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയില്‍ യു.എസിലെ ബോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ഡെവലപ്പേഴ്‌സ് നടപ്പാക്കുന്ന ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതിയുടെ ഭാഗമായാണ് അസറ്റ് ഹോംസിന്റെ സ്റ്റുഡന്റ്/ബാച്ചിലര്‍ പാര്‍പ്പിട പദ്ധതിയായ ‘അസറ്റ് ഐഡന്റിറ്റി’ വരുന്നത്.

കോവിഡ്, ആഗോള സാമ്പത്തിക മാന്ദ്യം എന്നിവയ്ക്കിടയിലും 2020-ല്‍ ഏഴു ഭവന പദ്ധതികളിലും രണ്ട് വാണിജ്യ പദ്ധതികളിലുമായി മൊത്തം 11 ലക്ഷം ചതുരശ്ര അടി വരുന്ന 500-ലേറെ അപ്പാര്‍ട്ട്മെന്റുകളും വില്ലകളും ഷോറൂമുകളും ഓഫീസുകളും പൂര്‍ത്തിയാക്കിയതായി അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ പറഞ്ഞു. 2021-ല്‍ നാല് പദ്ധതികള്‍ കൂടി നിര്‍മാണം പൂര്‍ത്തീകരിച്ച് ഉടമകള്‍ക്ക് കൈമാറുമെന്നും 12 പുതിയ ഭവന പദ്ധതികളുടെ നിര്‍മാണം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കമ്പനിയുടെ ക്രിസില്‍ റേറ്റിംഗ് ‘ഡിഎ2+’ എന്ന നിലയില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

കമ്പനിയില്‍ പുതുതായി മൂലധന നിക്ഷേപവുമായി എത്തുന്ന ഖത്തറിലെ പ്രമുഖ വ്യവസായിയും ഇന്‍കെല്‍, നോര്‍ക്ക റൂട്‌സ് എന്നിവയുടെ ഡയറക്ടറും ലോക കേരള സഭാംഗവുമായ സി.വി. റപ്പായിയെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാക്കി.

 

TAGS: Asset Homes |