യൂറോളജി വിഭാഗവും ന്യൂറോ സര്‍ജറിയും കൈകോര്‍ത്ത് നടത്തിയ കേരളത്തിലെ ആദ്യ ശസ്ത്രക്രിയ ; ഇടക്കിടെ മൂത്രം പോകുന്ന രോഗാവസ്ഥയിലുള്ള രോഗിക്ക് ആശ്വാസമായി ആസ്റ്റര്‍ മെഡ്‌സിറ്റി

Posted on: July 3, 2023

കൊച്ചി : ഓരോ അഞ്ച് മിനുട്ടിലും മൂത്രമൊഴിക്കേണ്ട അവസ്ഥ. ഓവര്‍ ആക്ടീവ് ബ്ലാഡര്‍ എന്ന രോഗാവസ്ഥയെ തുടര്‍ന്ന് ജോലിയും ജീവിതവും തന്നെ അവതാളത്തിലായ സ്ഥിതിയിലായിരുന്നു കാക്കനാട് സ്വദേശിയായ ഹരിഹരന്‍ എന്ന യുവാവ്. എന്തൊക്കെ ചെയ്തിട്ടും അസുഖം മാറാതെ വന്നതോടെയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചികിത്സക്കെത്തിയത്. സാക്രല്‍ ന്യൂറോമോഡുലേഷന്‍ ശാസ്ത്രക്രിയയിലൂടെ യുവാവിന് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല യൂറോളജി വിഭാഗവും ന്യൂറോസര്‍ജറി വിഭാഗവും ഒരുമിച്ച് നടത്തിയ കേരളത്തിലെ തന്നെ ആദ്യ ശസ്ത്രക്രിയ എന്ന ചരിത്രം കൂടിയാണ് ഇതുവഴി സൃഷ്ടിക്കപ്പെട്ടത്.

വളരെ പെട്ടെന്നായിരുന്നു 34കാരനായ ഹരിഹരിന് അടിക്കടി മൂത്രമൊഴിക്കേണ്ടി വരുന്ന രോഗാവസ്ഥ അനുഭവപ്പെട്ടു തുടങ്ങിയത്. എന്ത് ചെയ്തിട്ടും അസുഖം മാറുന്നില്ല. ഇത് വലിയ ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലേക്കായിരുന്നു ഇദ്ദേഹത്തെ നയിച്ചിരുന്നത്. ആറ് മാസത്തിന് ശേഷം അവസാന പ്രതീക്ഷ എന്ന നിലയിലായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ യൂറോളജി ഡോക്ടറായ ഡോ. ടി. കിഷോറിന്റെ അടുത്ത് ചികിത്സ തേടിയത്. സാധാരണയായി മരുന്നു കൊണ്ട് മാറ്റാന്‍ കഴിയുന്ന രോഗാവസ്ഥയാണ് ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍. എന്നാല്‍ ഹരിഹരന്റെ കാര്യത്തില്‍ പലതരം മരുന്നുകള്‍ നല്‍കിയെങ്കിലും അസുഖം മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ യൂറോളജി സംഘം ഇമ്പ്‌ലാന്റ് ശസ്ത്രക്രിയകളുടെടെ സാധ്യതകളെക്കുറിച്ച് യുവാവിന് വിശദീകരിക്കുകയായിരുന്നു. ഇതിനായി ഇവിടുത്തെ യൂറോളജി വിദഗ്ധനായ ഡോ. സന്ദീപ് പ്രഭാകരന്റെ അടുത്തേക്ക് അയക്കുകയും ചെയ്തു. ഡോ. സന്ദീപ് നടത്തിയ പരിശോധനകളില്‍ മരുന്നുകള്‍ ഫലിക്കാത്ത സാഹചര്യത്തില്‍ ഇന്റര്‍സ്ടിം ഇന്‍പ്ലാന്റേഷന്‍ ശസ്ത്രക്രിയ വഴി രോഗം മാറ്റാന്‍ കഴിയുമെന്ന് കണ്ടെത്തി.

പേസ്‌മേക്കറുകള്‍ പോലെ ശരീരത്തില്‍ ഘടിപ്പിക്കുന്ന ഇന്റര്‍സ്ടിം എന്ന ഇലക്ട്രോണിക് യന്ത്രത്തിന്റെ സഹായത്തോടെയാണ് ചികിത്സ നല്‍കുന്നത്. കുടലിന്റെയും മൂത്രാശയത്തിന്റെയും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സാക്രല്‍ ഞരമ്പുകളെ ഏകോപിപ്പിക്കുകയും അതുവഴി മൂത്രമൊഴിക്കുന്നത് ക്രമമാക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി ന്യൂറോ സര്‍ജറി വഴി സാക്രല്‍ ഞരമ്പുകള്‍ക്ക് സമീപമാണ് ഇന്റര്‍സ്ടിം സ്ഥാപിക്കുന്നത്.

ഇന്റര്‍സ്ടിം സ്ഥിരമായി വെച്ചു പിടിപ്പിക്കുന്നതിനു മുന്നോടിയായി താല്‍ക്കാലിക പരീക്ഷണം നടത്തേണ്ടതുണ്ടായിരുന്നു. ഒരാഴ്ചത്തേക്ക് നടത്തിയ പരീക്ഷണത്തില്‍ വലിയ മാറ്റങ്ങള്‍ ആയിരുന്നു കണ്ടത്. മൂത്രമൊഴിക്കുന്നതിന്റെ ഇടവേള രണ്ട് മണിക്കൂര്‍ വരെ ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. പിന്നീട് സ്ഥിരമായി ഇമ്പ്‌ലാന്റ് ചെയ്യുകയായിരുന്നു. സുഷുമ്‌ന നാഡിയോട് ചേര്‍ന്നുള്ള സര്‍ജറി ആയതിനാല്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ന്യൂറോ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അനൂപ് പി നായരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്.

ജനറല്‍ അനസ്‌തേഷ്യ നല്‍കിയുള്ള സൂക്ഷ്മമായ ശസ്ത്രക്രിയയിലൂടെ മൂത്രമൊഴിക്കുന്നതിന്റെ ഇടവേള സാധാരണ രീതിയിലായെന്നും ജീവിതം പഴയപടിയായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹരിഹരന്‍ പറഞ്ഞു.

 

TAGS: Aster Medcity |