അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി എം.എ. യൂസഫലിയെ നിയമിച്ചു

Posted on: July 26, 2021

അബുദാബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയെ അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ പുന:സംഘടന നടത്തി ഉത്തരവിട്ടത്.

അബ്ദുള്ള മുഹമ്മദ് അല്‍ മസ്‌റോയിയാണ് ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍. യൂസഫലിയോടൊപ്പം അലി ബിന്‍ ഹര്‍മാല്‍ അല്‍ ദാഹിരി വൈസ് ചെയര്‍മാനായും, മസൂദ് റഹ്മ അല്‍ മസൂദ്, ട്രഷറര്‍, സയ്യിദ് ഗുംറാന്‍ അല്‍ റിമൈത്തി, ഡെപ്യൂട്ടി ട്രഷറര്‍ ഉള്‍പ്പെടെ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്തു നിന്നുള്ള 29 പ്രമുഖരെയാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡില്‍ നിയമിച്ചത്. ഡയറക്ടര്‍ ബോര്‍ഡിലുള്ള ഏക ഇന്ത്യക്കാരനും യൂസഫലിയാണ്.

വിനയത്തോടെയും അഭിമാനത്തോടെയുമാണ് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള നിയമനത്തെ കാണുന്നതെന്ന് എം.എ.യൂസഫലി പ്രതികരിച്ചു. ഈ രാജ്യത്തിന്റെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി രേഖപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി പ്രയത്‌നിക്കും. യു.എ.ഇ. യുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.

ലോകത്തെ പ്രമുഖ സാമ്പത്തിക ശക്തിയായ അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബര്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള അബുദാബി ചേംബര്‍ ഗവണ്മെന്റിനും വാണിജ്യ സമൂഹത്തിനും ഇടയില്‍ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമാണ്. അബുദാബിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു സ്ഥാപനത്തിനും ചേംബറിന്റെ അനുമതി ആവശ്യമാണ്.

അബുദാബിയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള അംഗീകാരമായി യു.എ.ഇ.യുടെ ഉന്നത സിവിലിയന്‍ ബഹുമതിയായ അബുദാബി അവാര്‍ഡ് നല്‍കി അബുദാബി സര്‍ക്കാര്‍ യൂസഫലിയെ ആദരിച്ചിരുന്നു. അതിനു തൊട്ടുപിറകെയാണ് പുതിയ അംഗീകാരം.

28,000-ലധികം മലയാളികള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 58,000 ആളുകളാണ് ലുലു ഗ്രൂപ്പില്‍ ജോലി ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലായി ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവയുള്ള ലുലു ഗ്രൂപ്പിന് യു.എസ്.എ, യു.കെ, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ഫിലിപ്പൈന്‍സ്, തായിലാന്‍ഡ് എന്നിവയടക്കം 14 രാജ്യങ്ങളില്‍ ഭക്ഷ്യസംസ്‌കരണ-ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങളുമുണ്ട്. കൂടുതല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിച്ച ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ലുലു.