യു.എ.ഇ. ഗോള്‍ഡ് കാര്‍ഡ് വിസ ഇതുവരെ സ്വന്തമാക്കിയത് 7000 പേര്‍

Posted on: November 25, 2020

ദുബായ് : യു.എ.ഇ.യുടെ സ്ഥിര താമസാനുമതി രേഖയായ ഗോള്‍ഡ് കാര്‍ഡ് വിസ ഇതുവരെ 7000 പേര്‍ക്ക് നല്‍കിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആര്‍.എഫ്.എ.) ഡയറക്ടര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ മര്‍റി പറഞ്ഞു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, അത്‌ലറ്റുകള്‍ അവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്കാണ് ഇതുവരെ ഗോള്‍ഡ് കാര്‍ഡ് വിസ നല്‍കിയത്.
103 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഗുണഭോക്താക്കള്‍. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഗോള്‍ഡ് കാര്‍ഡ് വിസയിലൂടെ സാധ്യമാവുക.

രാജ്യത്തിനകത്ത് കുറഞ്ഞത് 50 ലക്ഷം ദിര്‍ഹമെങ്കിലും സ്വത്ത് കൈവശമുള്ളവരാണ് ഗോള്‍ഡ് കാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 2019 മേയില്‍ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്
ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തം പ്രഖ്യാപിച്ച ദീര്‍ഘകാല റെസിഡന്‍സി പദ്ധതിയാണ് ഗോള്‍ഡ് കാര്‍ഡ്.

TAGS: UAE Golden Card |