യു.എ.ഇ. പൊതുമാപ്പ് കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടി

Posted on: August 18, 2020


ദുബായ് : യു.എ.ഇ.യില്‍ പൊതുമാപ്പിന് തുല്യമായ ഇളവ് മൂന്നു മാസത്തേക്കുകൂടി നീട്ടി. മാര്‍ച്ച് ഒന്നിനുമുമ്പ് വിസക്കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യംവിടാന്‍ നവംബര്‍ 17 വരെ സമയംഅനുവദിച്ചു. മേയ് 18-ന് തുടങ്ങിയ പൊതുമാപ്പിന്റെ കാലാവധി അവസാനിച്ചതോടെയാണ് മൂന്നുമാസംകൂടി നീട്ടിയുള്ള പുതിയ പ്രഖ്യാപനം.

പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവരില്‍നിന്ന് പിഴ ഈടാക്കില്ല. മാര്‍ച്ച് ഒന്നിനുമുമ്പ് വിസക്കാലാവധി അവസാനിച്ചവര്‍ക്ക് മാത്രമാണ് ഈആനുകൂല്യം. നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കായി പ്രത്യേകിച്ച് നടപടിക്രമങ്ങളൊന്നുമില്ല. ദുബായ് വിമാനത്താവളം വഴിയാണ് മടക്കമെങ്കില്‍ 48 മണിക്കുര്‍മുമ്പ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തെ സമീപിക്കണം.

ഷാര്‍ജ, റാസല്‍ഖൈമ, അബുദാബി വിമാനത്താവളം വഴിയാണെങ്കില്‍ ആറു മണിക്കുര്‍ മുമ്പ് അതത് വിമാനത്താവളങ്ങളിലെ എമിഗ്രേഷന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണം. സാധുതയുള്ള പാസ്‌പോര്‍ട്ടും മടക്കയാത്രയ്ക്കുള്ള ടിക്കറ്റും മാത്രമാണ് ആവശ്യം. കുടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 800-463. അതേസമയം മാര്‍ച്ച് ഒന്നിനുശേഷം വിസക്കാലാവധി കഴിഞ്ഞവര്‍ക്കും വിസറദ്ദാക്കിയവര്‍ക്കും പൊതുമാപ്പ് ആനുകൂല്യം കിട്ടില്ല.

TAGS: Air India |