ദോഹയില്‍ ഒരുങ്ങി 2022 കെട്ടിടം

Posted on: December 9, 2019

ദോഹ: 2022-ലെ ലോകകപ്പ് ഫുട്ബോളിന് ആതിഥ്യം വഹിക്കുന്ന ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയില്‍, ആ വര്‍ഷത്തെ സൂചിപ്പിക്കാനായി 2022 രൂപത്തില്‍ കെട്ടിടം ഒരുങ്ങി. 2022 എന്ന് അക്കത്തില്‍ എഴുതിയതുപോലെ രൂപകല്പനചെയ്ത കെട്ടിടം ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തറിന് അവസരം
ലഭിച്ചതിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഉദ്ഘാടനംചെയ്തത്. 2010 ഡിസംബര്‍ രണ്ടിനാണ് ലോകകപ്പ് നടത്താന്‍ ഖത്തറിനെ ഫിഫ (അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫെഡറേഷന്‍) തിരഞ്ഞെടുത്തത്.

ആസ്പയര്‍ സോണില്‍ പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍ത്താനി കെട്ടിടം ഉദ്ഘാടനംചെയ്തു. കായികമേഖലയിലും കായികവിനോദങ്ങള്‍ക്കുംവേണ്ട അടിസ്ഥാനസൗകര്യങ്ങളിലും ഖത്തര്‍ കൈവരിച്ച പുരോഗതി വിവരിക്കുന്ന വീഡിയോ ഉദ്ഘാടനവേളയില്‍ പ്രദര്‍ശിപ്പിച്ചു.

ലോകകപ്പുമായി ബന്ധപ്പെട്ട് കെട്ടിടരൂപകല്പനാരംഗത്ത് ഒട്ടേറെ കൗതുകങ്ങള്‍ സൃഷ്ടിച്ച ഖത്തറിന്റെ മറ്റൊരു വാസ്തുശില്പ കരവിരുതാണ് 2022 കെട്ടിടം മത്സരത്തിനായി ഖത്തര്‍ ഒരുക്കുന്ന സ്റ്റേഡിയങ്ങളുടെ രൂപകല്പന ഇതിനകം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. മണല്‍ക്കുന്നുകളുടെയും നാടോടിക്കൂടാരത്തിന്റെയും മരുഭൂമിയിലെ രത്‌നക്കല്ലിന്റെയുമൊക്കെ മാതൃകയില്‍ തീര്‍ത്ത ഒമ്പതു സ്റ്റേഡിയങ്ങള്‍ വാസ്തുവിദ്യാ അത്ഭുതങ്ങളായാണ് വിശേഷിപ്പിക്കപ്പെടുന്നത്.

TAGS: Doha-2022 |