പികെ സ്റ്റാർ ഗ്രൂപ്പ് എംഡി പി. കെ. മുസ്തഫക്ക് ഡോക്ടറേറ്റ്

Posted on: October 10, 2019

ദോഹ : ഖത്തറിലെ പ്രമുഖ സംരംഭകനും സാമൂഹ്യ പ്രവർത്തകനുമായ പി. കെ. മുസ്തഫക്ക് ഇന്റർനാഷണൽ തമിഴ് യൂണിവേഴ്‌സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്. സംരംഭകത്വത്തിനും മാനവികതയ്ക്കും നൽകി വരുന്ന ഉദാത്തമായ സംഭാവനകൾ പരിഗണിച്ചാണ് മുസ്തഫയെ ഡോക്ടറേറ്റിന് തെരഞ്ഞെടുത്തതെന്ന് യൂണിവേഴ്‌സിറ്റി ചാൻസ്‌ലർ ഡോ. എസ്. ശെൽവിൻ കുമാർ പറഞ്ഞു. ചെന്നൈയിൽ നടന്ന ചടങ്ങിൽ ഡോ. എസ്. ശെൽവിൻ കുമാർ, പ്രഫ. കെ. കാസിം, ഡോ. പെരുമാൾജി, ഡോ. രവിവർണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

പി. കെ. സ്റ്റാർ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറായ പി. കെ. മുസ്തഫ ഖത്തറിലും നാട്ടിലുമായി നിരവധി സംരംഭങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. ഖത്തർ കെഎംസിസി വൈസ് പ്രസിഡന്റായ അദ്ദേഹം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലും സാമൂഹ്യ സേവനത്തിലും സജീവമാണ്.

കർഷകനായിരുന്ന പാമ്പുകടിയൻ അലവിക്കുട്ടിയും കുട്ടശേരി ആമിനയുമാണ് മാതാപിതാക്കൾ. ഭാര്യ നസീറ പട്ടാണി. മകൻ മിസ്അബ്.