കുവൈത്തില്‍ ഏപ്രില്‍ ഒന്നുമുതല്‍ പൊതുമാപ്പ്

Posted on: March 28, 2020

കുവൈത്ത് സിറ്റി : കുവൈത്തില്‍ കുടിയേറ്റ നിയമലംഘകര്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ 30 വരെ പിഴകൂടാതെ രാജ്യംവിടാന്‍ അവസരം. എന്നാല്‍, യാത്രാ വിലക്കുള്ളവര്‍ക്കും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കും പൊതുമാപ്പ് ലഭിക്കില്ല. കുവൈറ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ അനസ് അല്‍ സലേഹ് ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്.

നിയമപരമായ തടസ്സങ്ങളില്ലാത്തവര്‍ക്ക് പിഴകൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകാവുന്നതും ശരിയായ പുതിയ വിസയില്‍ കുവൈത്തിലേക്ക് വീണ്ടും വരാവുന്നതുമാണ്. യാത്രാവിലക്കും കോടതി നടപടികളും നേരിടുന്നവര്‍ക്ക് കുടിയേറ്റവിഭാഗം ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരെ സമീപിച്ച് കേസിന്റെ നടപടികള്‍ പുന:ക്രമീകരിക്കാം. താമസരേഖാകാലാവധി കഴിഞ്ഞവരും സ്‌പോണ്‍സറില്‍നിന്ന് ഒളിച്ചോടിയവരുമായ ഒന്നരലക്ഷത്തിലേറെ കുടിയേറ്റക്കാര്‍ രാജ്യത്ത് തുടരുന്നതായിട്ടാണ് കണക്ക്.

ഇത്രയധികം അനധികൃതതാമസക്കാര്‍ വരുമാനമില്ലാതെ രാജ്യത്തു തുടരുന്നത് സുരക്ഷാ ഭീക്ഷണിയാണെന്ന വിലയിരുത്തലില്‍, ഇവരെ പിടികൂടി നാടുകടത്താനുള്ള ആലോചനയിലായിരുന്നു കുടിയേറ്റ വിഭാഗം. പൊതുമാപ്പ് പ്രയോജനപ്പെടുത്താത്തവര്‍ക്ക് കര്‍ശന ശിക്ഷാ നടപടി നേരിടേണ്ടിവരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

കുവൈത്ത് സ്വദേശികളുടെ വിദേശിയായ ഭാര്യ, ഭര്‍ത്താവ്, മക്കള്‍, വിവാഹമോചനം നേടിയ കുവൈത്ത് സ്വദേശികളുടെ മുന്‍ഭാര്യമാരായ വിദേശവനിതകള്‍ എന്നിവര്‍ക്കും 2020 മാര്‍ച്ച്‌നുശേഷം താമസരേഖാ കാലാവധി കഴിഞ്ഞവര്‍ക്കും പിഴയടച്ച് താമസരേഖ നിയമപരമാക്കി രാജ്യത്തു തുടരാം.