കൊറോണ രോഗ ബാധ കണ്ടുപിടിക്കാന്‍ അതിനൂതന ഉപകരണവുമായി കുവൈത്ത്

Posted on: March 16, 2020


കുവൈത്ത് സിറ്റി : കൊറോണ രോഗ ബാധ നിര്‍ണ്ണയിക്കാന്‍ അതി നൂതന മാര്‍ഗം കണ്ടെത്തിയതിന്റ ആഹ്ലാദത്തിലാണ് കുവൈത്ത്. ആരോഗ്യ മന്ത്രാലയം ലോകത്ത് തന്നെ ഇത്തരത്തിലുള്ള ആധുനിക സംവിധാനം സ്വന്തമാക്കിയ രാജ്യമാണ് കുവൈത്ത് എന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഡ്രഗ് ആന്‍ഡ് ഫുഡ് കണ്ട്രോള്‍ വിഭാഗം അസി. അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുള്ള അല്‍ ബദര്‍ വെളിപ്പെടുത്തി.

ഇതോടെ 5 മുതല്‍ 10 മിനിറ്റിനുള്ളില്‍ രോഗം നിര്‍ണയിക്കാനാകും. കഴിഞ്ഞ 3 മാസമായി ലോകത്തെയാകെ ഭീഷണിയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിരിക്കുന്ന കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ ശക്തമാക്കി തുടരുകയാണ് കുവൈത്ത്.

എന്നാല്‍ നിലവിലുള്ള സംവിധാനം അനുസരിച്ചു രോഗ നിര്‍ണയത്തിന് പരിശോധന ഫലം അറിയുന്നതിന് 4 മുതല്‍ 5 മണിക്കൂര്‍ വേണ്ടി വരുന്നു. പുതിയ സ്‌കാനിംഗ് ഉപകരണം 5 മുതല്‍ 10 മിനിറ്റിനുള്ളില്‍ ഫലം നല്‍കുമെന്നതാണ് പ്രത്യേകത. പുതിയ ഉപകരണം വ്യക്തിയുടെ രക്തം സ്‌കാന്‍ ചെയ്യുന്നതിനും ഫലം അറിയുന്നതിനും 10 മിനിറ്റ് മതിയാകുമെന്നും ഡോ. അബ്ദുള്ള അല്‍ ബദര്‍ വ്യക്തമാക്കുന്നു.

ഇതോടെ കുവൈത്ത് അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബയുടെ പ്രത്യേക നിര്‍ദേശ പ്രകാരം നിര്‍വഹിച്ചു വരുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മേഖലയിലും ലോകരാജ്യങ്ങള്‍ക്കിടയിലും മാതൃകയാവുകയാണ്.

ജി സി സി രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ആദ്യം കൊറോണ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി, വിദ്യാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അടക്കുകയും, വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി, കട കമ്പോളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി, കൂടാതെ മാളുകള്‍, സിനിമ തിയറ്ററുകള്‍, ഹോട്ടല്‍ ഹാളുകള്‍, വിവാഹ ആഡിറ്റോറിയങ്ങള്‍, പൊതു ഗതാഗത ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കി, എല്ലാ തരത്തിലും ജനങ്ങള്‍ ഒത്തു ചേരുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി രോഗം നിയന്ത്രണ
വിധേയമാക്കിയ ആദ്യ രാജ്യവും കുവൈത്താണ്.

ഇപ്പോള്‍ ഏറ്റവും അധുനിക കൊറോണ രോഗ പരിശോധനാ ഉപകരണം സ്വന്തമാക്കിയും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയാവുന്നു കുവൈത്ത്. വിദേശികളുടെ കാര്യത്തിലും കൊറോണ രോഗ പരിശോധനക്ക് ഏറ്റവും ആധുനിക മെഡിക്കല്‍ സെന്റര്‍ സജ്ജമാക്കി കുവൈത്ത് പ്രധാന മന്ത്രി നേരിട്ടു കേന്ദ്രത്തിലെത്തി പരിശോധിച്ചു ഉറപ്പ് വരുത്തിയതും മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി. ശുഭ പ്രതീക്ഷകളോടെ കോവിഡ് 19 രോഗ മുക്തമാവുമെന്ന വലിയ പ്രതീക്ഷയിലാണ് കുവൈത്ത്.