എഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്സ് അവതരിപ്പിച്ച് ആമസോണ്‍

Posted on: December 19, 2023

കൊച്ചി : ഉപഭോക്താക്കള്‍ക്ക് വിവിധ ഉത്പന്നങ്ങളെ കുറിച്ചുള്ള റിവ്യൂ എളുപ്പത്തില്‍ അറിയാന്‍ എഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്സ് അവതരിപ്പിച്ച് ആമസോണ്‍ ഡോട്ട് ഇന്‍ (Amazon.in). എഴുതപ്പെടുന്ന റിവ്യൂകളില്‍ പതിവായി പരാമര്‍ശിക്കുന്ന ഉല്‍പ്പന്ന സവിശേഷതകളും ഉപഭോക്തൃ വികാരവും ഹൈലൈറ്റ് ചെയ്യുന്ന ഒരു ചെറിയ ഖണ്ഡിക പ്രൊഡക്ട് ഡീറ്റെയില്‍ പേജില്‍ തന്നെ നല്‍കുന്നതാണ് പുതിയ ഫീച്ചര്‍.

കൂടുതല്‍ എളുപ്പത്തിലും, ആത്മവിശ്വാസത്തിലും, അറിവോടെയുള്ള വാങ്ങല്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഈ സംവിധാനം ഉപഭോക്താക്കളെ പ്രാപ്തരാക്കും. വിശ്വസനീയമായ ഇ-കൊമേഴ്സ് അനുഭവം ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിന് പരിശോധിച്ചുറപ്പിച്ച വാങ്ങലുകളില്‍ നിന്നുള്ള ആമസോണിന്റെ വിശ്വസനീയമായ അവലോകനങ്ങള്‍ മാത്രമേ എഐ-ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്സിന് ഉപയോഗിക്കുകയുള്ളു. സ്ഥിതിവിവരക്കണക്കുകള്‍ യഥാര്‍ഥ ഉപഭോക്താക്കളുടെ യഥാര്‍ഥ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

ഒരു ഉല്‍പ്പന്നത്തോടുള്ള മൊത്തത്തിലുള്ള വികാരത്തെയും പ്രധാന ഗുണങ്ങളെയും കുറിച്ച് പെട്ടെന്ന് മനസിലാക്കാന്‍ എഐ ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റ്സ് ഉപഭോക്താക്കളെ സഹായിക്കും. റിവ്യൂകളില്‍ നിന്നുള്ള പൊതുവായ തീമുകളുടെ ഒരു സ്നാപ്പ്ഷോട്ട് നല്‍കുന്നതിനാല്‍, വിശദമായ റിവ്യൂവിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഒരു ഉല്‍പ്പന്നം അവരുടെ ആവശ്യങ്ങളോടും പ്രതീക്ഷകളോടും യോജിക്കുന്നുണ്ടോ എന്ന് നിര്‍ണയിക്കാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

കൂടാതെ ഉത്പന്നത്തിന്റെ പ്രത്യേക ഗൂണങ്ങളെ അഭിസംബോധന ചെയ്യുന്ന നിര്‍ദിഷ്ട റിവ്യൂകളിലേക്ക് എളുപ്പത്തില്‍ എത്താനും ഈ ഫീച്ചര്‍ സഹായകരമാവും. അതായത്, ഉത്പന്നത്തിന്റെ ഉപയോഗ സൗകര്യത്തെ കുറിച്ചുള്ള റിവ്യൂ അറിയാനാണെങ്കില്‍ എത്രമാത്രം പോസിറ്റീവ്, നെഗറ്റീവ് റിവ്യൂ ആണ് ഇതേകുറിച്ച് മറ്റു ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയതെന്ന് ഉത്പന്നം വാങ്ങുന്നയാള്‍ക്ക് ഈസ് ഓഫ് യൂസ് എന്ന് മെന്‍ഷന്‍ ചെയ്ത് കണ്ടെത്താനാവും.

ആമസോണിലെ ഉപഭോക്തൃ അനുഭവം ഉയര്‍ത്തുന്നതിന് തങ്ങള്‍ നിരന്തരം നൂതനമായ വഴികള്‍ തേടുകയാണെന്ന് ആമസോണ്‍ ഷോപ്പിങ് എക്സ്പീരിയന്‍സ്, ഇന്ത്യ ആന്‍ഡ് എമര്‍ജിങ് മാര്‍ക്കറ്റ്സ് ഡയറക്ടര്‍ കിഷോര്‍ തോട്ട പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അറിവുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതിന്, എഐ ജനറേറ്റഡ് റിവ്യൂ ഹൈലൈറ്റുകളുടെ അവതരണം തങ്ങളുടെ ശ്രമങ്ങളില്‍ ഒരു ചുവടുവെപ്പ് അടയാളപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

TAGS: Amazon |