2021 ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച നേട്ടവുമായി ഹോണ്ട റൈഡര്‍മാര്‍

Posted on: February 8, 2022

കൊച്ചി : ചെന്നൈയിലെ മദ്രാസ് മോട്ടോര്‍ റേസ് ട്രാക്കില്‍ സമാപിച്ച 2021 ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിലും (ഐഎന്‍എംആര്‍സി), ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിലും മികച്ച പ്രകടനം നടത്തി ഹോണ്ട റൈഡര്‍മാര്‍. ഇഡിമിത്സു ഹോണ്ട എസ് കെ 69 റേസിംഗ് ടീമിന്റെ പരിചയസമ്പന്നരായ റൈഡര്‍മാരും, ഹോണ്ട ഇന്ത്യ ഇഡിമിത്സു ടാലന്റ് കപ്പിലെ നവയുഗ റൈഡര്‍മാരും സീസണിന്റെ തുടക്കം മുതല്‍ അവസാനം വരെ ത്രസിപ്പിക്കുന്ന പ്രകടനങ്ങളാണ് റേസ് ട്രാക്കില്‍ നടത്തിയത്.

2021 ഐഎന്‍എംആര്‍സിയുടെ പ്രോസ്റ്റോക്ക് 165സിസി വിഭാഗത്തില്‍ ആകെ 9 പോഡിയം ഫിനിഷിംഗുകള്‍ ഇഡിമിത്സു ഹോണ്ട എസ്‌കെ69 റേസിംഗ് ടീം നേടി. അവസാന ദിനത്തിലെ റേസില്‍ മൂന്നാം സ്ഥാനം നേടിയ രാജീവ് സേതു ആകെ എട്ട് പോഡിയം ഫിനിഷിംഗുമായി ഈ വിഭാഗത്തിന്റെ ഓവറോള്‍ പട്ടികയില്‍ മൂന്നാമനായി സീസണ്‍ അവസാനിപ്പിച്ചു.

ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്‍എസ്എഫ് 250 ആര്‍ വിഭാഗത്തില്‍ സീസണിലുടനീളം ലീഡ് സൂക്ഷിച്ച ചെന്നൈയുടെ കാവിന്‍ ക്വിന്റല്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കി. പൂനെയുടെ സര്‍ഥക് ചവാന്‍ രണ്ടാം സ്ഥാനവും, വളാഞ്ചേരിയുടെ താരം മൊഹ്‌സിന്‍ പി മൂന്നാം സ്ഥാനവും നേടി. കാവിന്‍ ക്വിന്റലിന്റെ കന്നി കിരീട നേട്ടമാണിത്. സിബിആര്‍150ആര്‍ നോവീസ് ക്ലാസില്‍ 158 പോയിന്റുമായി പ്രകാശ് കാമത്ത് കിരീടം ചൂടി. ചെന്നൈ താരങ്ങളായ രക്ഷിത് എസ് ഡേവ്, തിയോപോള്‍ ലിയാന്‍ഡര്‍ എന്നിവരാണ് യഥാക്രമം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്. 15 റൈഡര്‍മാര്‍ പങ്കെടുത്ത ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍മേക്ക് റേസിന്റെ അവസാന ദിന മത്സരത്തില്‍ ജി ബാലാജി ഒന്നാമനായി. ഉദയി പ്രകാശ് രണ്ടാമനായപ്പോള്‍ ശങ്കര്‍ ഗുരു മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

സീസണിലുടനീളം നന്നായി പൊരുതി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ തങ്ങളുടെ റൈഡര്‍ രാജീവ് സേതുവിന്റെ പ്രകടനത്തില്‍ അതീവ സന്തുഷ്ടനാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. ഇഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്‍എസ്എഫ്250ആര്‍, സിബിആര്‍150ആര്‍ വിഭാഗങ്ങളില്‍ കാവിന്‍ ക്വിന്റലും പ്രകാശ് കാമത്തും വിജയിച്ചതിലും ഏറെ സന്തോഷമുണ്ട്. തങ്ങളുടെ പുതുതായി അവതരിപ്പിച്ച ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റേസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. 2022 സീസണില്‍ കൂടുതല്‍ ആവേശത്തോടെ തങ്ങള്‍ തിരിച്ചെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.