ഐഎന്‍എംആര്‍സി നാലാം റൗണ്ടില്‍ ഹോണ്ട റേസിംഗ് ടീമിന് പോഡിയം ഫിനിഷിംഗ്

Posted on: January 10, 2022

കൊച്ചി : എംആര്‍എഫ് എംഎംഎസ്സി എഫ്എംഎസ്സിഐ ഇന്ത്യന്‍ നാഷണല്‍ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം റൗണ്ടില്‍ പോഡിയം ഫിനിഷിംഗുമായി ഐഡിമിത്സു ഹോണ്ട എസ്‌കെ69 റേസിംഗ് ടീം. പ്രോസ്റ്റോക്ക് 165സിസി വിഭാഗത്തില്‍ രാജീവ് സേതുവാണ് രണ്ടാം സ്ഥാനത്തെത്തിയത്. 1:57:181 എന്ന വേഗമേറിയ ലാപ് സമയവും താരം കുറിച്ചു. സഹതാരങ്ങളായ സെന്തില്‍ കുമാര്‍, മഥന എസ് കുമാര്‍ എന്നിവര്‍ക്ക് മത്സരം പൂര്‍ത്തിയാക്കാനായില്ല.

ഐഡിമിത്സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിന്റെ എന്‍എസ്എഫ്250ആര്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലുള്ള കവിന്‍ ക്വിന്റല്‍ രണ്ടാമനായാണ് ഫിനിഷ് ചെയ്തത്. സഹതാരങ്ങളെ പിന്തള്ളി സാര്‍ഥക് ചവാന്‍ ഒന്നാം സ്ഥാനത്തെത്തി. സിബിആര്‍150ആര്‍ റേസില്‍ ഒന്നാമനായി പ്രകാശ് കാമത്ത് ചാമ്പ്യന്‍ഷിപ്പ് ലീഡിന് കൂടുതല്‍ അടിത്തറ പാകി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ രക്ഷിത് എസ് ഡാവെയ്ക്കാണ് രണ്ടാം സ്ഥാനം.

ഹോണ്ട ഹോര്‍നെറ്റ് 2.0 വണ്‍ മേക്ക് റേസും കടുത്ത പോരാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. കെവിന്‍ കണ്ണന്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത റേസില്‍ അജയ് സേവ്യര്‍, പ്രഭു വി എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ഈ വിഭാഗത്തില്‍ കിരീടത്തിനായി മുന്നിലുള്ള ആല്‍വിന്‍ സുന്ദറിനും ഉല്ലാസ് സാന്റ്രപ്റ്റ് നന്ദയ്ക്കും മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല.

മത്സര ഫലങ്ങളില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു. തങ്ങളുടെ ടീമംഗങ്ങളുടെ മികച്ച ചില പ്രകടനങ്ങള്‍ ട്രാക്കില്‍ കണ്ടു. തങ്ങളുടെ റൈഡര്‍മാരുടെ കഴിവുകളില്‍ പൂര്‍ണവിശ്വാസമുണ്ട്. അഞ്ചാം റൗണ്ടില്‍ അവര്‍ പൂര്‍ണ്ണ കരുത്തോടെ തിരിച്ചെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.