ഇന്ത്യയിലെ ആരോഗ്യപരിരക്ഷ പരിവര്‍ത്തനത്തിന് 5ജിയുടെ ശക്തി പ്രദര്‍ശിപ്പിക്കാന്‍ വി-എറിക്‌സണ്‍ സഹകരണം

Posted on: November 3, 2021

കൊച്ചി : ഇന്ത്യയില്‍ നടന്നു വരുന്ന 5ജി ട്രയലുകളുടെ ഭാഗമായി രാജ്യത്തെ ആരോഗ്യമേഖലയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി 5ജി പ്രയോജനപ്പെടുത്തുന്നതു പ്രദര്‍ശിപ്പിക്കാന്‍ വോഡഫോണ്‍ ഐഡിയയും എറിക്‌സണും സഹകരിക്കും. രാജ്യത്തിന്റെ വിദൂര മേഖലകളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 5ജി കണക്ടിവിറ്റി എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരിക്കും ഇതിലൂടെ ചൂണ്ടിക്കാട്ടുക.

സര്‍ക്കാര്‍ അനുവദിച്ച 3.5 ജിഗാഹെര്‍ട്‌സ് മിഡ്ബാന്‍ഡ്, 26 ജിഗാഹെര്‍ട്‌സ് എംഎംവേവ് ബാന്‍ഡ് എന്നിവയില്‍ വി സ്ഥാപിച്ചിട്ടുള്ള 5ജി ട്രയല്‍ നെറ്റ് വര്‍ക്കില്‍ 5ജി എസ്എ, 5ജി എന്‍എസ്എ & എല്‍ടിഇ പാക്കെറ്റ് കോര്‍ ഫംഗ്ഷന്‍ സാങ്കേതികവിദ്യകളോടു കൂടിയ ക്ലൗഡ് അധിഷ്ഠിതമായുള്ള എറിക്‌സണ്‍ റേഡിയോകളും, എറിക്‌സണ്‍ ഡ്യൂവല്‍ മോഡ് കോറും വിന്യസിക്കും.

അതിവേഗ ഡാറ്റ, പ്രതികരണം പ്രതിഫലിപ്പിക്കുന്നതിലെ കുറഞ്ഞ കാലതാമസം, 5ജിയുടെ വിശ്വാസ്യത തുടങ്ങിയവയുടെ പിന്തുണയോടെ നഗരത്തിലെ കേന്ദ്രത്തിലിരിക്കുന്ന ഡോക്ടര്‍ക്ക് വിദൂര ഗ്രാമത്തിലുള്ള രോഗിയുടെ അള്‍ട്രാ സൗണ്ട് സ്‌ക്കാന്‍ നടത്താനാവും. എറിക്‌സന്റെ 5ജി അടിസ്ഥാന സൗകര്യം ഉപയോഗിച്ച് വി നടത്തിയ ഇതിന്റെ ട്രയല്‍ രാജ്യത്തെ വിദൂര മേഖലകളിലെ ആരോഗ്യ സേവനത്തിന് 5ജി പ്രയോജനപ്പടെുത്താനാവുന്നതിന്റെ സാധ്യതകളാണു ചൂണ്ടിക്കാട്ടുന്നത്.

ഊകല സാക്ഷ്യപ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വി ജിഗാനെറ്റ് ശൃംഖലയിലാണ് വി 5ജി റെഡി ശൃംഖല വികസിപ്പിച്ചെടുത്തിരിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ വി സിടിഒ ജഗ്ബീര്‍ സിങ് പറഞ്ഞു. ഇപ്പോള്‍ നടത്തുന്ന 5ജി ട്രയലുകളിലൂടെ രാജ്യത്തിന്റെ വിദൂര ഭാഗങ്ങളില്‍ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കാന്‍ 5ജിക്കുള്ള കഴിവാണു തങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള മറ്റു നിരവധി ഉപയോഗങ്ങള്‍ക്കൊപ്പമാണിത്. വേഗതയും ഉപഭോക്താക്കളുടെ പ്രതികരണം വെബിലൂടെ പ്രതിഫലിക്കുന്നതിലുണ്ടാകുന്ന താമസത്തിന്റെ അളവും 5ജി സേവനങ്ങളില്‍ വളരെ നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ നാളത്തെ ഡിജിറ്റല്‍ ഇന്ത്യയ്ക്കായി ഫലപ്രദവും പ്രസക്തവുമായ രീതിയില്‍ 5ജി ഉപയോഗിക്കുന്നതിനുള്ള രീതിയിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ നടന്നു വരുന്ന പ്രദര്‍ശനങ്ങളുടെ ഭാഗമായി വിയും എറിക്‌സണും എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ഫിക്‌സഡ് വയര്‍ലെസ് അക്‌സസ് എന്നിവ 5ജിയോടു കൂടി അവതരിപ്പിക്കുന്നുണ്ട്.

എന്‍ഹാന്‍സ്ഡ് മൊബൈല്‍ ബ്രോഡ്ബാന്‍ഡ്, ഫിക്‌സഡ് വയര്‍ലെസ് അക്‌സസ് എന്നിവയായിരിക്കും ഇന്ത്യയില്‍ 5ജിയുടെ ഭാഗമായി ആദ്യം ഉപയോഗിക്കപ്പെടുകയെന്നാണ് പ്രതീക്ഷയെന്ന് എറിക്‌സണ്‍ വൈസ് പ്രസിഡന്റ് അമര്‍ജീത് സിങ് പറഞ്ഞു. ആരോഗ്യ മേഖല, നിര്‍മാണ രംഗം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകള്‍ തുടര്‍ന്ന് 5ജിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താമെന്നും പ്രതീക്ഷിക്കുന്നു. വിദൂര വീഡിയോ നിരീക്ഷണം, ടെലി മെഡിസിന്‍, ഡിജിറ്റല്‍ ട്വിന്‍, എആര്‍-വിആര്‍ തുടങ്ങിയവയില്‍ ശൃംഖലയുടെ ശക്തി പ്രയോജനപ്പെടുത്തുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതാണ് പൂനെയില്‍ എറികസണ്‍ വിയുമായി ചേര്‍ന്നു തയ്യാറാക്കിയിട്ടുള്ള ഫ്‌ളെക്‌സിബില്‍ ഡ്യൂവല്‍ മോഡ് കോര്‍ എന്നും അദ്ദേഹം പറഞ്ഞു.

5ജി അവതരിപ്പിക്കുന്നതോടെ ഇന്ത്യയിലെ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍ മാറ്റങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടും. സേവനദാതാക്കള്‍ക്ക് കൂടുതല്‍ വരുമാന മാര്‍ഗങ്ങള്‍ തുറന്നു കൊടുക്കുന്നതായിരിക്കും 5ജി. ഇന്ത്യയിലെ സേവന ദാതാക്കള്‍ക്ക് പത്തു വ്യവസായങ്ങളിലായി 5ജി അധിഷ്ഠിതമായുള്ള ബിസിനസ് ടു ബിസിനസ് സാധ്യതകള്‍ 2030-ഓടെ 17 ബില്യണ്‍ ഡോളര്‍ എന്ന നിലയിലെത്തും എന്നാണ് എറിക്‌സന്റെ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ സേവനങ്ങള്‍, നിര്‍മാണം, ഊര്‍ജം, വാഹന രംഗം, സുരക്ഷ എന്നിവയായിരിക്കും ഇതില്‍ പ്രധാനപ്പെട്ടത്.

 

TAGS: Vi |