സമൂഹത്തിലെ ദുര്‍ബല വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ എത്തിക്കാന്‍ സിഎസ്സി-വോഡഫോണ്‍ സഹകരണം

Posted on: August 23, 2021

കൊച്ചി : പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ചേരി നിവാസികള്‍, ദിവസക്കൂലി തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പിനായി കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന്റെ കിഴിലുള്ള കോമണ്‍ സര്‍വീസ് സെന്റേഴ്‌സും (സിഎസ്സി) വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷനും കൈകോര്‍ക്കുന്നു. കോവിന്‍ പോര്‍ട്ടലില്‍ ഈ വിഭാഗങ്ങളില്‍പ്പെട്ട പത്തു ലക്ഷം പേരെ രജിസ്റ്റര്‍ ചെയ്യാന്‍ ലക്ഷ്യമിടുന്നു.

സിഎസ്സിയുടെ സിഎസ്ആര്‍-വിദ്യാഭ്യാസ വിഭാഗമായ സിഎസ്സി അക്കാദമിയാണ് രജിസ്‌ട്രേഷനും തുടര്‍ന്നുള്ള കുത്തിവയപിനും സൗകര്യമൊരുക്കുന്നത്. ഗ്രാമതല സംരംഭകര്‍ (വിഎല്‍ഇ) വഴിയാണ് ഇതു നടപ്പാക്കുക. ദുര്‍ബലവിഭാഗത്തില്‍പ്പെട്ട പത്തുലക്ഷംപേരെ കണ്ടെത്തുന്നതിനും ബന്ധപ്പെടുന്നതിനുമുള്ള കേന്ദ്രമായി വിഎല്‍ഇ പ്രവര്‍ത്തിക്കും.

ഇന്റര്‍നെറ്റ്/സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യത അല്ലെങ്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണമെന്ന് അറിയാത്ത, പിന്നാക്കം നില്‍ക്കുന്ന പൗരന്മാരെ വിഎല്‍ഇകള്‍ കോവിന്‍ ആപ്പില്‍ നേരിട്ട് രജിസ്റ്റര്‍ ചെയ്യുകയും ആപ്പില്‍ നിലവിലുള്ള പ്രക്രിയ അനുസരിച്ച് പ്രാദേശിക വാക്‌സിനേഷന്‍ ദാതാക്കളിലേക്ക് അവരെ എത്തിക്കുകയുമാണ് ഈ സംരംഭംകൊണ്ട് ഉദ്ദേശിക്കുന്നത്.

കോവിന്‍ പ്ലാറ്റ്‌ഫോം രജിസ്‌ട്രേഷനായി പൗരന്മാരെ അണിനിരത്താനും സഹായിക്കാനും ദേശീയ ആരോഗ്യ അതോറിറ്റിയും ആരോഗ്യ, ക്ഷേമ മന്ത്രാലയവും സിഎസ്സിയെ അംഗീകരിച്ചിട്ടുണ്ട്. സിഎസ്സി ഡിജിറ്റല്‍ സേവാ പോര്‍ട്ടലില്‍ തായാറാക്കിയിട്ടുള്ള സെന്‍ട്രല്‍ ഡാഷ്‌ബോര്‍ഡ് വഴി ഈ പദ്ധതി നിരീക്ഷിക്കുന്നതിന് ഒരു പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ജനറേഷന്‍, പരാതി കൈകാര്യം ചെയ്യല്‍, പ്രതിദിന സ്റ്റാറ്റസ് ട്രാക്കിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഈ ലിങ്കിലൂടെ, ഗുണഭോക്താവിന് ആധാര്‍ നമ്പര്‍ നല്‍കി സിഎസ്സിയില്‍ നിന്ന് കോവിഡ്-19 വാക്‌സിനേഷന്റെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാം.

വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം വഴി രാജ്യത്തെ ഏറ്റവും പാര്‍ശ്വവത്കരിക്കപ്പെട്ടതും പിന്നോക്കം നില്‍ക്കുന്നതുമായ സമൂഹങ്ങളിലേക്ക് എത്തിച്ചേരാനും കോവിന്‍ ആപ്പിന് കീഴില്‍ പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റര്‍ ചെയ്യാനും കോവിഡ്-19 നെതിരായ സര്‍ക്കാരിന്റെ പോരാട്ടം ശക്തിപ്പെടുത്താനും സഹായിക്കുമെന്ന് സിഎസ്സി എസ്പിവി മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിനേശ് ത്യാഗി ചൂണ്ടിക്കാട്ടി.

സിഎസ്സിയുമായുള്ള സംയുക്ത പരിശ്രമം വഴി പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ള 10 ലക്ഷം ആളുകളിലേക്ക് എത്തിച്ചേരാന്‍ തങ്ങള്‍ക്കു കഴിയും. ഇതുവഴി ദുര്‍ബല ജനവിഭാഗങ്ങള്‍ക്കു ഒരു ഏകജാലക സേവന പരിഹാരം സൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ചീഫ് റെഗുലേറ്ററി ആന്‍ഡ് കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഓഫീസര്‍ പി. ബാലാജി പറഞ്ഞു.

TAGS: CSC | Vi |