കോവിഡിനു ശേഷം ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ മാറും

Posted on: March 20, 2021

 

കൊച്ചി: കോവിഡിനു ശേഷം ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടനകളിലൊന്നായി ഇന്ത്യ മാറുമെന്ന് യുടിഐ മ്യൂച്വല്‍ ഫണ്ട് സിഇഒ ഇംതൈയാസുര്‍ റഹ്മാന്‍ ചൂണ്ടിക്കാട്ടി. കോവിഡിനു ശേഷമുള്ള ലോകത്തിലെ നിക്ഷേപത്തെക്കുറിച്ചു യുടിഐ മ്യൂച്വല്‍ സംഘടിപ്പിച്ച വെര്‍ച്വര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ 2016 ഫെബ്രുവരി മുതല്‍ 2021 ഫെബ്രുവരി വരെ 156 ശതമാനം വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. കോവിഡിനെ തുടര്‍ന്ന് നിക്ഷേപകര്‍ക്കു ബുദ്ധിമുട്ടില്ലാതെ നിക്ഷേപിക്കാനാവുന്ന നവീനമായ പദ്ധതികളും സേവനങ്ങളും അവതരിപ്പിക്കുന്ന രീതി ഊര്‍ജിതമായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഹാമാരിക്കു ശേഷമുള്ള ലോകത്തിലും നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന ഘടകങ്ങള്‍ മാറുന്നില്ലെന്ന് സെബി, യുടിഐ, ഐഡിബിഐ എന്നിവയുടെ മുന്‍ ചെയര്‍മാനും എക്സലന്‍സ് എനേബ്ലേഴ്സ് ചെയര്‍മാനുമായ എം ദാമോദരന്‍ ചൂണ്ടിക്കാട്ടി. ലിക്വിഡിറ്റി, വരുമാനം, സുരക്ഷ എന്നിവയാണ് നിക്ഷേപകര്‍ ഇപ്പോഴും പരിഗണിക്കുന്നത്. പക്ഷേ, നിക്ഷേപകരുടെ പ്രതികരണ രീതികളെ കോവിഡ് ബാധിച്ചിട്ടുണ്ട്. തങ്ങളുടെ ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങള്‍ കണക്കിലെടുത്ത് നിക്ഷേപങ്ങള്‍ നടത്തുന്ന രീതിയാണ് ഉപഭോക്താക്കള്‍ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സമ്പദ്ഘടനയുടെ തിരിച്ചു വരവ് ദൃശ്യമാണെങ്കിലും കോവിഡിനു മുമ്പുള്ളതിനേക്കാള്‍ 10-15 ശതമാനം താഴെയാണ് ഇപ്പോഴത്തെ സ്ഥിതിയെന്നതിനാല്‍ അത് അപൂര്‍ണമാണെന്ന് സാമ്പത്തിക വിദഗ്ദ്ധനായ മഹേഷ് വ്യാസ് ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ ഡോ. വി അനന്ത നാഗേശ്വരം, എസ്പിജെജെഎംആര്‍ പ്രഫസര്‍ അനന്ത് നാരായണ്‍, മൊബിയൂസ് ക്യാപിറ്റല്‍ പാര്‍ട്ട്ണര്‍ മാര്‍ക്ക് മൊബിയൂസ്, മാര്‍ക് ഫാബര്‍ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് ഫാബര്‍, ഐഐഎഫ്എല്‍ & അസറ്റ് മാനേജ്മെന്റ് സിഇഒ കരണ്‍ ഭഗത്ത്, യുടിഐ മ്യൂച്വല്‍ ഫണ്ട് ഫിക്സഡ് ഇന്‍കം ഗ്രൂപ്പ് പ്രസിഡന്റ് & മേധാവി അമന്‍ദീപ് സിംഗ് ചോപ്ര, സാപിയന്റ് വെല്‍ത്ത് അഡൈ്വസേഴ്സ് & ബ്രോക്കേഴ്സ് എംഡി & സിഇഒ അമിത് ബിവാല്‍കര്‍, യുടിഐ മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി വിഭാഗം ഗ്രൂപ്പ് പ്രസിഡന്റ് & മേധാവി വെട്രി സുബ്രഹ്മണ്യം, എന്‍വിസണ്‍ ക്യാപിറ്റല്‍ ഫൗണ്ടര്‍ & സിഇഒ നിലേഷ് ഷാ, എഎസ്‌കെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഭാരത് ഷാ തുടങ്ങിയവരും ഉച്ചകോടിയില്‍ സംസാരിച്ചു.

 

TAGS: UTI |