ഇംപാക്ട് ഫണ്ട് ലഭ്യമാക്കാൻ സർക്കാരുകൾ മുൻകൈ എടുക്കണമെന്ന് ജീമാക്ക്

Posted on: July 30, 2020

കൊല്ലം : കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മൈക്രോ സ്‌മോൾ, മീഡിയം സ്ഥാപനങ്ങൾക്ക് ഇംപാക്ട് ഫണ്ട് ലഭ്യമാക്കണമെന്ന് ജീമാക്ക് സംഘടിപ്പിച്ച ആഗോള വെബിനാറിൽ നിർദ്ദേശമുയർന്നു. ഇതിന് സർക്കാർ ഒരു കർമ്മസമിതി രൂപീകരിക്കണം. സാമൂഹ്യക്ഷേമം കണക്കിലെടുത്ത് നാമമാത്രമായ പലിശയിലും അല്ലാതെയും വ്യവസായ സ്ഥാപനങ്ങളെ സഹായിക്കാൻ നിക്ഷേപം നടത്തുന്ന രീതി വിദേശരാജ്യങ്ങളിൽ ലഭ്യമാണെന്ന് ആഗോള വ്യവസായ പ്രമുഖൻ ആന്റണി പ്രിൻസ് അഭിപ്രായപ്പെട്ടു.

വെബിനാർ കേരളാ സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ മുൻപ്രസിഡന്റ് കെ.പി.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ചാമ്പ്യൻ, സെഡ് ഉൾപ്പെടെയുള്ള പദ്ധതി ആനുകൂല്യങ്ങൾ കേരളത്തിലെ വ്യവസായികൾക്ക് ലഭിക്കുന്നില്ലയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആനുകൂല്യങ്ങൾ ലഭ്യമാക്കാൻ സർക്കാരും ഉദ്യോഗസ്ഥരും കൂടുതൽ ജാഗ്രത കാണിയ്ക്കണമെന്നും അദേഹം നിർദ്ദേശിച്ചു.

ഡോ.എം.പി.സുകുമാരൻ നായർ മോഡറേറ്ററായിരുന്നു. കോവിഡ് കാലത്ത് ചെറുകിട വ്യവസായ സ്ഥാപനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗ്ഗങ്ങളും എന്ന വിഷയത്തിൽ ഡോ.എസ്.രത്‌നകുമാർ മുഖ്യപ്രഭാഷണം നടത്തി. കേരളം, തമിഴ്‌നാട്, കർണ്ണാടക, ഒഡീഷാ, മഹാരാഷ്ട്രാ, ഡൽഹി എന്നിവിടങ്ങളിൽനിന്നും 4 വിദേശരാജ്യങ്ങളിൽ നിന്നുമായി 60 ൽ പരം വ്യവസായികൾ പങ്കെടുത്തു.

വെബിനാറിൽ ജപ്പാനിലെ വ്യാവസായിക വിപ്ലവത്തിനും അന്താരാഷ്ട്രാ തലത്തിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനും സഹായകമായ ജാപ്പനീസ് ‘ഫൈവ് എസ്’ മാനേജ്‌മെന്റ് രീതി കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളെ ആഗോളതലത്തിലേയ്ക്കുയർത്താനും കാര്യക്ഷമമാക്കാനും
കഴിയുമെന്നും നിർദ്ദേശം ഉയർന്നു. തമിഴ്‌നാട്ടിലെ വ്യവസായ സ്ഥാപനങ്ങളിൽ വിജയകരമായി നടത്തിവരുന്ന ‘ഫൈവ് എസ്’ മാതൃക ഡോ.ആർ.ബാലകൃഷ്ണൻ അവതരിപ്പിച്ചു.

പ്രഫ.വി.കെ.ദാമോദരൻ, പ്രഫ.പി.ഒ.ജെ.ലബ്ബ, ഡോ.എസ്.ശശികുമാരൻ തുടങ്ങിയവർ ‘ഫൈവ് എസ്’ നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പ്രതിസന്ധി തരണം ചെയ്യാൻ ഒരു പരിധിവരെ സഹായിക്കുമെന്ന് അഭിപ്രായപ്പെട്ടു.

TAGS: G-MEAC | MSME |