എക്‌സിറ്റ് ഓപ്ഷനുമായി മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്

Posted on: May 14, 2020

കൊച്ചി : ഇലക്‌ട്രോണിക് കമ്മോഡിറ്റി എക്‌സ്‌ചേഞ്ചായ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ മുഴുവന്‍ ചരക്കുകളുടെയും അവധി കരാറില്‍ എക്‌സിറ്റ് ഓപ്ഷനോടെ നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം നടപ്പാക്കാന്‍ തീരുമാനിച്ചു. ഇതുപ്രകാരം ചരക്കുകളുടെ വില പൂജ്യത്തിന് താഴേക്ക് (മൈനസ് പ്രൈസ്) വരുമ്പോള്‍ ഇടപാടുകാര്‍ക്ക് കരാറില്‍നിന്ന് ഒഴിവാകുന്നതിനുള്ള അവസരം ലഭിക്കും.

ക്രൂഡ് വില പൂജ്യത്തിനു താഴേക്ക് വന്നതിനെ തുടര്‍ന്ന് ഇടപാടുകാര്‍ക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് ഇത്തരമൊരു നടപടിക്ക് എം.സിഎക്‌സ് മുന്നോട്ടു വന്നിട്ടുള്ളത്.

നെഗറ്റീവ് പ്രൈസിംഗ് മെക്കാനിസം അനുസരിച്ച് ഓരോ ദിവസത്തെയും വിപണിയുടെ പ്രവര്‍ത്തന സമയം കഴിഞ്ഞശേഷം 15 മിനിറ്റ് സമയത്തേക്ക് എക്‌സ്‌ചേഞ്ച് ഒരുക്കുന്ന പ്രത്യേക വിന്‍ഡോ വഴി ലേലത്തിലൂടെ ഇടപാടുകാര്‍ക്ക് എക്‌സിറ്റ് ഓപ്ഷന്‍ ഉപയോഗപ്പെടുത്താനാകും. രാത്രി 11.40 മുതല്‍ 11.55 വരെയാണ് ഇതിന് സമയം ലഭിക്കുക. എന്നാല്‍ ക്രൂഡ് ഫ്യൂച്ചര്‍ കരാറുകളുടെ കാലാവധി കഴിയുന്ന ദിവസം എക്‌സിറ്റ് ഓപ്ഷന്‍ സാധ്യമാകില്ല.