പുതിയ എയർ കണ്ടീഷണർ ശ്രേണിയുമായി സാംസംഗ്

Posted on: March 3, 2016

Samsung-Airconditioners-03-

കൊച്ചി : വേനൽ ചൂടിനെ നേരിടാനായി 5 പുതിയ എയർ കണ്ടീഷണറുകളുമായി സാംസംഗ്. 360 കാസറ്റ് എസി, 30 എച്ച്പി സൂപ്പർ ഡിവിഎം, ഫ്രീ ജോയിന്റ് മൾട്ടി (എഫ്‌ജെഎം), 14 എച്ച്പി സൈഡ് ഡിസ്ചാർജ് ഡിവിഎം ഇക്കോ, ഡിവിഎം ചില്ലർ എന്നീ 5 പുതിയ എസികളാണ് സാംസംഗ് അവതരിപ്പിക്കുന്നത്. വിആർഎഫ് എച്ച്‌വിഎസി എന്നീ സാങ്കേതിക വിദ്യയിൽ ഒരുക്കിയിരിക്കുന്ന സാംസംഗിന്റെ എസികൾ മെച്ചപ്പെട്ട പ്രവർത്തനക്ഷമതയും കൂളിംഗും ഉറപ്പു നൽകുന്നു.

സാംസംഗിന്റെ പുതിയ 360 കാസറ്റ് എസിയിൽ ഘടിപ്പിച്ചിരിക്കുന്ന ബൂസ്റ്റർ ഫാൻ സമാന്തരമായി കാറ്റിനെ കടത്തിവിടുകയും തണുത്ത കാറ്റിന്റെ ആവരണം മുറിക്കുള്ളിൽ സൃഷ്ടിക്കുകയും ചെയ്യുന്നു. 360 ഡിഗ്രിയിൽ വീശുന്ന കാറ്റ് മുറിയിൽ മുഴുവൻ നിറഞ്ഞ് താപനിലയെ നിയന്ത്രിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. പൊടി, വായുവിലുള്ള മാലിന്യങ്ങൾ, അലർജെന്റുകൾ, ബാക്ടീരിയ, വൈറസ് എന്നിവയെ ഒഴിവാക്കാൻ സഹായിക്കുന്ന വൈറസ് ഡോക്ടർ കിറ്റും സാംസംഗിന്റെ 360 കാസറ്റ് എസിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഫ്‌ളാഷ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന സൂപ്പർ ഇൻവെർട്ടർ സ്‌ക്രോൾ കംപ്രസറും ഫ്‌ളാഷ് ഇൻജെക്ഷൻ സാങ്കേതികതയും ബൈപാസ് വാൽവും സാംസംഗ് 30 എച്ച്പി സൂപ്പർ ഡിജിറ്റൽ വേരിയബിൾ മൾട്ടി എസിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. കൂടാതെ 30 എച്ച് പി സൂപ്പർ ഡിവിഎമ്മിനു ലീക്ക് ഡിറ്റക്ഷൻ സംവിധാനവുമുണ്ട്.

160 മീറ്റർ നീളത്തിലുള്ള പൈപ്പോടു കൂടിയെത്തുന്ന ഡിവിഎംഎസ് ഇക്കോ 14 എച്ച്പി എസി 50 മീറ്റർ ഉയരത്തിൽ വരെ സ്ഥാപിക്കാൻ കഴിയും. അതിനാൽ കൂടുതൽ വ്യാപ്തിയിലേക്കുള്ള ശീതീകരണം സാധ്യമാക്കാൻ കഴിയുമെന്നത് ഈ മോഡലിനെ വ്യത്യസ്തമാക്കുന്നു.

വീടുകളിലും കൊമേഴ്‌സ്യൽ ബിൽഡിംഗുകളിലും ഒരേയൊരു ഔട്ട്‌ഡോർ യൂണിറ്റ് ഉപയോഗിച്ച് ഒന്നിലധികം ഇൻഡോർ യൂണിറ്റുകൾ സ്ഥാപിക്കാകുമെന്നതാണ് സാംസംഗ് എഫ്‌ജെഎം എസിയുടെ സവിശേഷത. സാധാരണ എസികളിൽ നിന്ന് വ്യത്യസ്തമായി 50% വരെ വാർഷിക വൈദ്യുതി ചെലവ് കുറയ്ക്കുന്നതാണ് എഫ്‌ജെഎം എസികൾ.