ലുലു ഹൈപ്പറിൽ തായ് ഫിയസ്റ്റ തുടങ്ങി

Posted on: January 10, 2016

Lulu-Hyper-Thai-Fiesta-Inau

കൊച്ചി : തായ്‌ലാൻഡ് രുചിക്കൂട്ടുകളും സാംസ്‌കാരിക വൈവിധ്യങ്ങളും മലയാളിക്ക് സമ്മാനിച്ച് ലുലു ഹൈപ്പർമാർക്കറ്റിൽ തായ് ഫിയസ്റ്റയ്ക്ക് തുടക്കമായി. ലുലു മാളിൽ നടന്ന ചടങ്ങിൽ മന്ത്രി അനൂപ് ജേക്കബ് 15 ദിവസം ദീർഘിക്കുന്ന തായ് ഫിയസ്റ്റ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ വൈവിധ്യങ്ങളോടൊപ്പം മറ്റു ഭക്ഷണ രീതികളും സാംസ്‌കാരിക വൈവിധ്യങ്ങളേയും സ്വീകരിക്കുന്നവരാണ് മലയാളികളെന്ന് മന്ത്രി പറഞ്ഞു.

മുംബൈ തായ് ട്രേഡ് സെന്റർ ഡയറക്ടർ സുവിമൽ ത്രിലോകവഞ്ചായ്, ഡെപ്യൂട്ടി ഡയറക്ടർ നൊപാസം ജോദിലോക്, ലുലു ഇന്ത്യാ ഡയറക്ടർ എം. എ. നിഷാദ്, കൊമ്മേഷ്യൽ മാനേജർ സാദിക് കാസിം, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു ബയിങ്ങ് മാനേജർ ദാസ് ദാമോദരൻ, ലുലു മാൾ അസി. മാനേജർ കെ.കെ. ഷരീഫ് എന്നിവർ പ്രസംഗിച്ചു.

ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയ തായ് വിഭവങ്ങളുടെ പ്രത്യേക കൗണ്ടർ മന്ത്രി അനൂപ് ജേക്കബ് തുറന്നു. ജനുവരി 22 വരെ ഇവിടെ തായ് വിഭവങ്ങൾ ലഭിക്കും. മനം കവരുന്ന തായ് രുചിക്കൂട്ടുകളും തൽസമയ പാചക ഡെമോൺസ്‌ട്രേഷനും തായ് സാംസ്‌കാരിക പരിപാടികളും ഒക്കെ ചേർത്ത് വിഭവസമൃദ്ധമായ ഫിയസ്റ്റ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. തായ്‌ലൻഡിൽ നിന്നു മാത്രമുള്ള 600-ഓളം വിവിധ ഉത്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണ്.