ലുലു ഹൈപ്പർമാർക്കറ്റിൽ തായ് ഫിയസ്റ്റ

Posted on: January 7, 2016

Lulu-Hyper-Thai-feista-Big

കൊച്ചി : ലുലു ഹൈപ്പർമാർക്കറ്റ് മുംബൈയിലെ തായ് ട്രേഡ് സെന്ററുമായി ചേർന്ന് ജനുവരി 8 മുതൽ 22 വരെ പതിനഞ്ചു ദിവസത്തെ തായ് ഫിയസ്റ്റ സംഘടിപ്പിക്കുന്നു. മനം കവരുന്ന തായ് രുചിക്കൂട്ടുകളും തൽസമയ പാചക ഡേമോൺസ്‌ട്രേഷനും തായ് സാംസ്‌ക്കരിക പരിപാടികളും ഒക്കെ ചേർത്ത് വിഭവസമൃദ്ധമായ ഫിയസ്റ്റ തന്നെയാണ് സംഘാടകർ ഒരുക്കുന്നത്. രുചിമേളം കൊട്ടുന്ന തായ് കറികളും വ്യത്യസ്ത തായ് സോസുകളും ഒക്കെയടങ്ങുന്ന ഭക്ഷ്യോത്സവം കൊച്ചിക്ക് നവ്യാനുഭവം പകരും.

തായ്‌ലാൻഡിന്റെ സ്വന്തം സ്വീറ്റ് ടാമരിൻഡും, ഡ്രാഗൺ ഫ്രൂട്ടും, റൈസ് സ്റ്റിക്കും മറ്റ് തായ് അടുക്കളയുൽപ്പന്നങ്ങളും ഉൾപ്പടെ ഫിയസ്റ്റ നടക്കുന്ന ദിവസങ്ങളിൽ ലുലു ഹൈപ്പർമാർക്കറ്റിൽ വിൽപ്പനക്ക് ലഭിക്കും. തായ്‌ലാൻഡിൽ നിന്നു മാത്രമുള്ള 600-ഓളം വിവിധ ഉത്പന്നങ്ങൾ ലുലു ഹൈപ്പർമാർക്കറ്റിൽ ലഭ്യമാണെന്ന് ലുലു ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ് അറിയിച്ചു.

Lulu-Hyper-Thai-Feista-Big-

കൊച്ചി നഗരത്തിന് റിയൽ ടേസ്റ്റ് ഓഫ് തായ്‌ലാൻഡ് അനുഭവവേദ്യമാക്കുന്നതിനാണ് തങ്ങളുടെ ശ്രമമെന്ന് തായ് ട്രേഡ് സെന്റർ ഡയറക്ടർ സുവിമൽ ത്രിലോകവഞ്ചായ്, ഡെപ്യൂട്ടി ഡയറക്ടർ നൊപാസം ജോദിലോക് എന്നിവർ പറഞ്ഞു. ലുലുമാൾ ആട്രിയത്തിൽ ജനുവരി 8ന് വെള്ളിയാഴ്ച വൈകുന്നേരം 4 മുതൽ പ്രശസ്ത തായ് ഷെഫ് ക്രിസ്റ്റാഡ തായ് ഭക്ഷ്യലോകത്തേക്കുള്ള മായാവാതിൽ തുറക്കും. വൈകുന്നേരം 7 ന് സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് തായ് ഫിയസ്റ്റ 2016 ന്റെ ഉദ്ഘാടനം നിർവ്വഹിക്കും. മുംബൈ തായ് ട്രേഡ് സെന്റർ ഡയറക്ടർ സുവിമൽ ത്രിലോകവഞ്ചായ്, ഡെപ്യൂട്ടി ഡയറക്ടർ നൊപാസം ജോദിലോക്, ലുലു ഇന്ത്യാ ഡയറക്ടർ എം. എ. നിഷാദ് തുടങ്ങിയവർ സന്നിഹിതരാകും.

ലുലു റീട്ടെയ്ൽ ജനറൽ മാനേജർ, സുധീഷ് നായർ, ലുലു ബയിങ്ങ് മാനേജർ,
ദാസ് ദാമോദരൻ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.