ഗ്രീൻവിങ്ങ് മക്കാവും ടോബിയും ഡി അക്വേറിയ പ്രദർശനത്തിലെ താരങ്ങൾ

Posted on: December 29, 2015

Green-winged-Macaw-parrot-B

കൊച്ചി : സംസാരിക്കുന്ന ഗ്രീൻവിങ്ങ് മക്കാവു കൊച്ചി മറൈൻ ഡ്രൈവിൽ നടക്കുന്ന ഡി അക്വേറിയ പ്രദർശനത്തിൽ താരമാകുന്നു. നാല് ലക്ഷത്തോളം രൂപ വിലവരുന്ന ഗ്രീൻവിങ്ങ്, മക്കാവു വിഭാഗത്തിൽ പെട്ട ഏറ്റവും വലിപ്പമേറിയതാണിത്. കേരളത്തിൽ ആദ്യമായാണ് ഗ്രീൻവിങ്ങ് മക്കാവു എത്തുന്നത്. പേര് പോലെ തന്നെ പച്ച നിറമുള്ള ചിറകുകളും കാണാൻ ഏറെ സൗന്ദര്യവുമുള്ള ഇവ ആഫ്രിക്കൻ വംശത്തിലുള്ളവയാണ്. വളരെ വേഗം ഇണങ്ങുന്ന ഇവ വളരെ ബുദ്ധിയുള്ളവയും ഒഴുക്കോടെ സംസാരിക്കുന്നവയുമാണ്. സ്‌നേഹിക്കാനും ചങ്ങാത്തം കൂടാനും മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനും ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്.

കൊക്കറ്റു വിഭാഗത്തിൽ പെട്ട ഏറ്റവും വലിപ്പമേറിയ ഗ്രേറ്റർ അംബ്രല്ല കൊക്കറ്റു ഈ വിഭാഗത്തിൽ പെട്ട തത്തകളിൽ ഏറ്റവും വലിപ്പമേറിയ പക്ഷിയാണ്. ഇന്തോനേഷ്യൻ വശംജനായ ഇവയിൽ തലയിൽ കിരീടം ചൂടിയത് പോലെയുള്ള തൂവലുകളും തൂവെള്ള നിറമുള്ള ശരീരവും ആരെയും ആകർഷിക്കും. പ്രത്യേക പരിശീലനം നൽകി പരിശീലിപ്പിച്ച് എടുത്തതാണ്. 2.75 ലക്ഷം രൂപയാണ് വില. മനുഷ്യന്റെ സംസാരം അനുകരിക്കാനുള്ള കഴിവാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ആഫ്രിക്കൻ സ്വദേശിയായ തത്ത ഇനത്തിൽ പെട്ട ജാർഡിൻ പ്രദർശനത്തിനെത്തുന്നവരെ ഒരു പോലെ ആകർഷിക്കുന്നു. 1.35 ലക്ഷം രൂപയാണ് ഇതിന്റെ വില. മനുഷ്യനുമായി ഇവ പെട്ടെന്നിണങ്ങും. ഹൈഡ് ആൻഡ് സീക്ക് ഇനത്തിൽ പെട്ടവയാണിത്.

അക്വാ, പെറ്റ് പ്രദർശനത്തിലെ താര സാന്നിധ്യമാണ് റിംഗ് മാസ്റ്റർ സിനിമയിലെ ടോബി. സെന്റ്. ബെർണാർഡ് വിഭാഗത്തിൽ പെട്ട നായയാണിത്. നടി ശ്രിതയുടെ ഷിറ്റ്‌സു ഇനത്തിൽ പെട്ട അമ്മു എന്ന നായക്കുട്ടി സയാമീസ് പൂച്ചകൾ, 15,000 മുതൽ 75,000 രൂപ വരെ വിലയുള്ള പേർഷ്യൻ പൂച്ചകളും മേളയുടെ ആകർഷണങ്ങളാണ്. സുനാമി മുന്നറിയിപ്പ് നൽകുന്ന ഫെസന്റ്‌റ്, സിറിയയിൽ നിന്നുള്ള ഹാംസ്ട്ടർ, യു കെ, യു എസ് ഇറ്റലി, ജർമനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ അപൂർവയിനം പക്ഷികളും പ്രദർശനത്തിനുണ്ട്.

TAGS: De Aquaria | E4EventZ |