ഡി അക്വേറിയക്ക് തിരക്കേറുന്നു

Posted on: December 23, 2015

De-Aquaria-CS

കൊച്ചി : കൊച്ചി മറൈൻ ഡ്രൈവിലെ ഡി അക്വേറിയ പ്രദർശന വിപണനമേളയിൽ തിരക്കേറുന്നു. രണ്ട് ലക്ഷം രൂപ വരുന്ന 24 കാരറ്റ് സ്വർണ മത്സ്യമായ ആരൊവന മുതൽ ലോകത്തെ തന്നെ ഏറ്റവും വലിയ ശുദ്ധ ജല മത്സ്യമായ ആരപൈമ ജൈജാസ് വരെ ആരെയും ആകർഷിക്കുന്ന വർണ മത്സ്യ ശേഖരമാണ് ഡി അക്വേറിയയിൽ ഉള്ളത്. മറൈൻ അക്വേറിയം ഇനത്തിൽ പെട്ട മത്സ്യങ്ങൾക്കായി പ്രത്യേക വിഭാഗം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. നിമോ കാർട്ടൂൺ മത്സ്യ ശേഖരം കുട്ടികളെ ഏറെ ആകർഷിക്കുന്നു.

അതീവ സുന്ദരിമാരായ ഷെവ്‌റോൺ ബട്ടർ ഫ്‌ലൈ, ഏഞ്ചൽ ഖുറാൻ, യെല്ലോ ബട്ടർഫ്‌ലൈ, പാരറ്റ് ഫിഷ്, ഡിസ്‌കസ് ഫിഷ് തുടങ്ങി അതീവ അപകടകാരിയായ സ്റ്റിംഗ് റേ മുതൽ ക്വീൻ കോറി വരെ ഇത്തവണ പ്രദർശനത്തിനുണ്ട്. ലെപ്പേർഡ് ടൈഗർ നോസ്, പാവത്താനായ പക്കു ഇനത്തിൽ പെട്ട പിരാന മത്സ്യങ്ങൾ, അപൂർവ ഇനത്തിൽ പെട്ട സിക്ക്‌ലിട്‌സ്, റെഡ് ടെയിൽ ക്യാറ്റ് ഫിഷ്, അബാബ ആഫ്രിക്കാൻ മത്സ്യങ്ങൾ, ആൽബിനോ, ക്ലൗൻ, ഫയർ റെഡ് ഓസ്‌ക്കർ, തുടങ്ങി അപൂർവയിനം വിദേശ മത്സ്യങ്ങൾ മുതൽ നാടൻ അലങ്കാര മത്സ്യങ്ങൾ വരെ പ്രദർശനത്തിനുണ്ട്.

ആയിരത്തിലധികം ശുദ്ധസമുദ്രജല മത്സ്യങ്ങളുടെയും വിദേശത്തു നിന്ന് ഇറക്കുമതി ചെയ്തിട്ടുള്ള 2.5 ലക്ഷത്തോളം രൂപ വില വരുന്നതും സംസാരിക്കുന്നതുമായ മക്കാവു, ആഫ്രിക്കൻ ഗ്രേ ഇനത്തപ്പെട്ട തത്തകൾ, പ്രാവുകൾ, അലങ്കാര കോഴികൾ, പൂച്ചകൾ, നായകൾ തുടങ്ങിയ ഓമനമൃഗങ്ങളുടെയും ഒരു നീണ്ടനിരയാണ് പ്രദർശനത്തിനെത്തിയിട്ടുണ്ട്.

തുടർച്ചയായ എട്ടാമത്തെ പ്രാവശ്യമാണ് ഇ ഫോർ ഈവന്റ്‌സ് ഈ പ്രദർശനം നടത്തുന്നത്. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച് പുതിയതും വൈവിധ്യവും കൗതുകമുണർത്തുന്നതുമായ ഇനങ്ങൾ ‘ഡി അക്വേറിയ’ യെ വ്യത്യസ്തമാക്കുന്നു. സ്‌കൂബാ ഡൈവിംഗിന്റെ ലൈവ് ഡെമോയും പരിശീലനവും ഇതിനോടൊപ്പം സന്ദർശകർക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രദർശനത്തോടൊപ്പം വില്പനയും, കൺസ്യൂമർ എക്‌സിബിഷൻ, വെറൈറ്റി ഫുഡ് കോർട്ട്, ദിവസേന കലാപരിപാടികൾ, ലക്കിഡ്രോ മുതലായവയും ഉണ്ടായിരിക്കും. പൊതുഅവധി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 11 മുതലും പ്രവർത്തി ദിവസങ്ങളിൽ ഉച്ചക്ക് 2 മുതലുമാണ് പ്രദർശനം ആരംഭിക്കുന്നത്.

TAGS: De Aquaria | E4EventZ |