ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ ഉപന്യാസ മത്സര വിജയികളെ ആദരിച്ചു

Posted on: September 9, 2015

Tata-Essay-Competition-winn

കൊച്ചി: ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ എസ്സേ കോംപറ്റീഷൻ 2014-15 ന്റെ കേരളത്തിലെ സിറ്റി ലെവൽ വിജയികളെ ടാറ്റാ ഗ്രൂപ്പ് ആദരിച്ചു. കൊച്ചിയിൽ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ബാലസാഹിത്യകാരനും കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സിപ്പി പള്ളിപ്പുറം വിജയികൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

കേരളത്തിലെ 13 നഗരങ്ങളിലായി ടാറ്റാ ഗ്രൂപ്പ് സംഘടിപ്പിച്ച എസ്സേ മത്സരത്തിന്റെ ഈ വർഷത്തെ വിഷയം ശുചിത്വ ഭാരതമായിരുന്നു. 380 വിദ്യാലയങ്ങളിൽ നിന്നായി 1.35 ലക്ഷം വിദ്യാർത്ഥികൾ കേരളത്തിൽ നിന്ന് മത്സരത്തിൽ പങ്കെടുത്തു. കൊച്ചി, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, ചേർത്തല, കായംകുളം, പാലക്കാട്, ആലപ്പുഴ, കോട്ടം, പത്തനംതിട്ട എന്നീ നഗരങ്ങളിലെ 285 വിദ്യാലയങ്ങൾ മലയാളം വിഭാഗത്തിൽ മത്സരിച്ചു. ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള 95 വിദ്യാലയങ്ങളും മത്സരിച്ചു.

2006 ൽ ആറു നഗരങ്ങളിലെ വിദ്യാർത്ഥികളുമായി ഇംഗ്ലീഷ് ഉപന്യാസ രചന മത്സരമായി ആരംഭിച്ച ടാറ്റാ ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ എസ്സേ കോംപറ്റീഷൻ, ഇന്ന് ഇന്ത്യയിലെ 200 നഗരങ്ങളിലായി 12 ഭാഷകളിൽ നടത്തപ്പെടുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഉപന്യാസ രചന മത്സരമാണ്.