വായ്പ മോറട്ടോറിയം : അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്ന് ബാജാജ് ഫിനാന്‍സ്

Posted on: June 17, 2020

കൊച്ചി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പരക്കുന്നതില്‍ വിശ്വസിക്കരുതെന്ന് ബജാജ് ഫിനാന്‍സ് ലിമിറ്റഡ് (ബിഎഫ്എല്‍). മോറട്ടോറിയം തനിയെ നിലവില്‍ വരുമെന്നും ഇഎംഐ അടയ്‌ക്കേണ്ടെന്നും അതിന് പലിശ ഉണ്ടാകില്ലെന്നുമാണ് അഭ്യൂഹങ്ങള്‍. ചെക്ക് ബൗണ്‍സിനുള്ള ചാര്‍ജുകള്‍ ബാങ്ക് ബിഎഫ്എല്ലില്‍ നിന്നും ഈടാക്കുമെന്നും ഇഎംഐ മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാണെന്നും പ്രചാരമുണ്ട്.

എന്നാല്‍ ബാങ്കിങേതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മോറട്ടോറിയത്തിന് അനുമതിയുണ്ടെങ്കിലും എല്ലാ ഉപഭോക്താക്കള്‍ക്കും തനിയെ ഇത് ബാധകമാക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടില്ലെന്നതാണ് സത്യം. മോറട്ടോറിയം ആവശ്യപ്പെടാത്ത ഒരു ഉപഭോക്താവിനും ഇഎംഐയില്‍ ഇളവുകള്‍ ലഭിക്കില്ല. എല്ലാത്തരം വായ്പകള്‍ക്കും കരാര്‍ അനുസരിച്ചുള്ള പലിശ ബാധകമായിരിക്കും. ടേം ലോണാണെങ്കില്‍ ബാക്കി നില്‍ക്കുന്ന തുകയിലേക്ക് പലിശ കൂട്ടിചേര്‍ക്കും. വര്‍ക്കിങ് ക്യാപിറ്റലിന്റെ കാര്യത്തില്‍ മോറട്ടോറിയം കാലാവധി അവസാനിക്കുമ്പോള്‍ പലിശ ഈടാക്കും. ഇഎംഐകള്‍ക്കുള്ള ബൗണ്‍സ് ചാര്‍ജ് ബാങ്കുകള്‍ തന്നെ ഈടാക്കും. മോറട്ടോറിയം ആവശ്യപ്പെടാത്തവര്‍ക്കോ നിഷേധിച്ചവര്‍ക്കോ ഇഎംഐ മാനദണ്ഡങ്ങളെല്ലാം ബാധകമാണെന്നും ബജാജ് ഫിനാന്‍സ് ലിമിറ്റഡ് അറിയിച്ചു.

2020 മാര്‍ച്ച് 31നും ഓഗസ്റ്റ് 31നും ഇടയില്‍ വരുന്ന ഒന്നു മുതല്‍ ആറു തവണവരെയുള്ള ഘഡുക്കള്‍ക്കാണ് ബിഎഫ്എല്‍ മോറട്ടോറിയം ഓഫര്‍ ചെയ്യുന്നത്. അതും വ്യവസ്ഥകളോടെ. വായ്പ തിരിച്ചടവില്‍ സ്ഥിരത, ഏതെങ്കിലും വായ്പയില്‍ രണ്ടില്‍ കൂടുതല്‍ മുടക്കം ഇല്ലാത്തവര്‍, ബിഎഫ്എല്ലില്‍ മോറട്ടോറിയത്തിന് അപേക്ഷിക്കുന്നവര്‍ക്ക്, ഫെബ്രുവരി 29ന് 90 ദിവസത്തെ അധിക ബാധ്യത ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് എന്നിങ്ങനെയാണ് മോറട്ടോറിയം അനുവദിക്കുന്നതിനുള്ള നിബന്ധനകള്‍. മോറട്ടോറിയത്തിന്റെ അന്തിമ അനുമതി അവകാശം ബിഎഫ്എല്ലിനു മാത്രമായിരിക്കും.

മോറട്ടോറിയത്തിന് അപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് https://customer-login.bajajfinserv.in/Customer?Source=Raise എന്ന ലിങ്കില്‍ കയറി സ്വയം സാക്ഷ്യപ്പെടുത്താം. തുടര്‍ന്ന് ഉപഭോക്താവിന് അപേക്ഷ ഉന്നയിക്കാം.

TAGS: Bajaj Finserv |