ലംപ്‌സം നിക്ഷേപത്തിനായുളള ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് പുനരാരംഭിച്ചു

Posted on: May 27, 2018

കൊച്ചി : ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ടിന്റെ ഏറ്റവും വലിയ ഇക്വിറ്റി ഫണ്ട് പദ്ധതിയായ ഐഡിഎഫ്‌സി പ്രീമിയർ ഇക്വിറ്റി ഫണ്ടിന്റെ പേര് ഐഡിഎഫ്‌സി മൾട്ടി കാപ് ഫണ്ട് എന്നു പേരുമാറ്റി. മാത്രവുമല്ല, ഫണ്ടിൽ മൊത്ത നിക്ഷേപത്തിനായി ലംപ്‌സം അനുവദിക്കുകയും ചെയ്തു.

2018 മാർച്ച് 31-ന് 5300 കോടി രൂപയുടെ ആസ്തി മാനേജ് ചെയ്യുന്ന ഫണ്ടിൽ എസ്‌ഐപി അടിസ്ഥാനത്തിലുള്ള നിക്ഷേപമേ അനുവദിച്ചിരുന്നുള്ളു. മൊത്തനിക്ഷേപം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. ഫണ്ടിന്റെ ആസ്തിയിൽ 70 ശതമാനവും എസ്‌ഐപി നിക്ഷേപം വഴി എത്തിയിട്ടുള്ളതാണ്.

2005 ലാണ് ഐഡിഎഫ്‌സി പ്രീമിയർ ഇക്വിറ്റി ഫണ്ട് ആദ്യമായി പുറത്തിറക്കിയത്. പന്ത്രണ്ടു വർഷത്തിനുള്ളിൽ വെറും 44 മാസം മാത്രമാണ് മൊത്തം നിക്ഷേപം ഈ ഫണ്ടിൽ അനുവദിച്ചത്. എസ്‌ഐപി നിക്ഷേപം മാത്രമാണ് അനുവദിച്ചിരുന്നത്. ദീർഘകാല നിക്ഷേപം ലക്ഷ്യമിടുന്നവരുടെ ഏറ്റവും പ്രിയപ്പെട്ട ഫണ്ടായിരുന്നു ഇത്. ഈ മ്യൂച്വൽ ഫണ്ട് പദ്ധതി നിക്ഷേപകരിൽ 80 ശതമാനവും അഞ്ചുവർഷത്തിനു മുകളിൽ നിക്ഷേപകരായി തുടരുന്നവരാണ്. ഇതു വ്യവസായ ശരാശരിയേക്കാൾ വളരെ ഉയർന്നതാണ്.

ദീർഘകാല ഓഹരി നിക്ഷേപകർക്കു സമ്പത്തു സൃഷ്ടിക്കുകയെന്നതാണ് ഞങ്ങളുടെ പ്രാഥമിക ലക്ഷ്യമെന്ന് ഐഡിഎഫ്‌സി മ്യൂച്വൽ ഫണ്ട് സിഇഒ വിശാൽ കപൂർ പറഞ്ഞു. ഐഡിഎഫ്‌സി പ്രീമിയർ ഇക്വിറ്റി ഫണ്ട് ഈ ലക്ഷ്യം നേടുന്നതിൽ അസാധാരണ വിജയം നേടുകയും ചെയ്തിട്ടുണ്ട്. പദ്ധതി തുടങ്ങിയതു മുതൽ ഇതിന്റെ എൻഎവി ഒമ്പതു മടങ്ങു വളർന്നു. ഫണ്ട് നൽകിയ ശരാശരി വാർഷിക റിട്ടേൺ 19 ശതമാനമാണെന്ന് വിശാൽ കപൂർ പറഞ്ഞു.

ഫണ്ട് മാനേജ്‌മെന്റിൽ മൂന്നു ദശകത്തോളം പരിചയമുള്ള അനൂപ് ഭാസ്‌കറും ഒരു ഡസൻ വർഷം പരിചയമുള്ള കാർത്തിക് മേത്തയും ചേർന്നാണ് ഈ ഫണ്ട് മാനേജ് ചെയ്യുന്നത്.