ജനപ്രീതി നേടി സഹ്യാദ്രി പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍

Posted on: January 20, 2021

കൊച്ചി : പരിസ്ഥിതി സൗഹൃദ പ്രീ ഫാബ്രിക്കേറ്റഡ് വീടുകളുടെ വിപണനത്തിലൂടെ ശ്രദ്ധേയമാകുകയാണ് പുണെ ആസ്ഥാനമായ പട്ടേല്‍ ഗ്രൂപ്പ് സ്ഥാപനമായ സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. പേറ്റന്റുള്ള ഇക്കോപ്രോ-എസ് 3 പ്രീ ഫാബ്രിക്കേറ്റഡ് പ്ലാറ്റ്‌ഫോം വീടുനിര്‍മാണം വേഗത്തിലാക്കുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിര്‍മാണശാലകളുള്ള സഹ്യാദ്രി ഇന്‍ഡസ്ട്രീസ് വീടിനാവശ്യമായ റൂഫിംഗ് ഷീറ്റുകള്‍, ആസ്ബറ്റോസ് രഹിത ഫ്‌ളാറ്റ് ബോര്‍ഡുകളും പുറത്തിറക്കുന്നുണ്ട്.
പ്രകൃതിവിഭവങ്ങള്‍ ചൂഷണം ചെയ്യാതെയുള്ള ഗൃഹനിര്‍മാണരീതിയാണ് സഹ്യാദ്രിയുടെ സവിശേഷത.
വീട് നിര്‍മാണത്തിനുള്ള ഇക്കോപ്രോ-എസ് 3 മൂന്ന് പാളി സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അനായാസം ഫിറ്റ് ചെയ്യാമെന്നതിനാല്‍ വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കാം.

തീപിടുത്തം, മഴ, വെയില്‍, ഭൂമികുലുക്കം എന്നിവയെല്ലാം പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. സ്റ്റീല്‍, കോണ്‍ക്രീറ്റ് റൂഫുകളുള്ള വീടുകളെ അപേക്ഷിച്ച് ചൂട് കുറവുണ്ട്. മിനുക്കമുള്ള പ്രതലമുള്ള ഭിത്തികള്‍ക്ക് പ്ലാസ്റ്ററിംഗ് ആവശ്യമില്ല. അതുകൊണ്ടുതന്നെ മണല്‍ വാരല്‍ മൂലമുള്ള പരിസ്ഥിതി പ്രശ്‌നം ഒഴിവാകുന്നു. കുറഞ്ഞ കാലയളവിനുള്ളില്‍ ലക്ഷക്കണക്കിനു വീടുകള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതികവിദ്യയാണ് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് അവതരിപ്പിക്കുന്നത്. സാധാരണ വീടുനിര്‍മാണത്തെ അപേക്ഷിച്ച് ചെലവു കുറവുമാണ് പ്രീ ഫാബ്രിക്കേറ്റഡ് വീടുകള്‍ക്ക്. വീടുവയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തേയ്ക്ക് വാഹനത്തില്‍ ഘടകങ്ങള്‍ എത്തിച്ച് കൂട്ടിയോജിപ്പിച്ചാണ് വീട് നിര്‍മാണം.

കേരളത്തില്‍ 150 ഓളം വിതരണക്കാര്‍ കമ്പനിയ്ക്കുണ്ട്. സഹ്യാദ്രിയുടെ ഫൈബര്‍ സിമന്റ് ബോര്‍ഡ് ഡിസൈനര്‍ ടൈലുകള്‍ക്കും വുഡന്‍ ഡിസൈന്‍ പലകകള്‍ക്കും മികച്ച വില്പനയാണുള്ളത്. സഹ്യദ്രിയ്ക്ക് തമിഴ്‌നാട്ടില്‍ കോയമ്പത്തൂരിനു സമീപമുള്ള പെരുന്തുറയിലും ആന്ധ്രപ്രദേശില്‍ വിജയവാഡയിലുമുള്ള ഫാക്ടറികള്‍ക്ക് 13,000 മെട്രിക് ടണ്‍ ഇക്കോപ്രോ എസ് ത്രീ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. പെരുന്തുറയിലെ ഫാക്ടറിയുടെ ഉത്പാദനശേഷി കൂട്ടാനുള്ള പദ്ധതിയിലാണ് കമ്പനി.

ചുഴലിക്കാറ്റും പ്രളയവും വിതച്ച ദുരിതക്കയത്തില്‍ പെട്ട മലയാളിയായ എം.കെ.ഷംസുദ്ദീന് അന്തിയുറങ്ങാന്‍ കെട്ടുറപ്പുള്ള വീട് നിര്‍മിച്ചു നല്‍കി സാമൂഹികപ്രതിബദ്ധതയും വെളിവാക്കിയിരിക്കുകയാണ് സഹ്യാദ്രി ഇന്‍ഡസ്ട്രീസ്. വീടിന്റെ താക്കോല്‍ ദാനം കൊടിക്കുന്നില്‍ സുരേഷ് എം.പി. നിര്‍വഹിച്ചു. ആധുനിക സാങ്കേതികവിദ്യയില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് ചെലവുകുറഞ്ഞതും ഈടുറ്റതുമായ ഭവനങ്ങള്‍ രാജ്യമൊട്ടാകെ ഒരുക്കുകയെന്നതാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ പങ്കെടുത്ത സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സീനിയര്‍ പ്രസിഡന്റ് (മാര്‍ക്കറ്റിംഗ്) വി.ടി. രബിന്ദ്രനാഥ് പറഞ്ഞു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സ്ഥാപനമാണ് സഹ്യാദ്രി ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. സ്വസ്തിക് ട്വിന്‍ റൂഫ്, സിംപ്ലൈ ഫ്‌ളാറ്റ് ഷീറ്റ്, ഇക്കോപ്രോ ഫൈബര്‍ സിമന്റ് ബോര്‍ഡ് എന്നിവയും കമ്പനിയുടെ ഉത്പന്നശ്രേണിയില്‍ പെടുന്നു.