പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനയജ്ഞവുമായി ഐ.എം.എ കൊച്ചി

Posted on: November 5, 2019

കൊച്ചി : (04.11.2019) പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജനയജ്ഞവുമായി ഐ.എം.എ കൊച്ചി. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. അതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. അവയെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനായി പൊതുജന പങ്കാളിത്തത്തോടെ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍ മുന്‍കൈ എടുക്കുമെന്ന് കൊച്ചി ഐ.എം.എ പ്രസിഡന്റ് ഡോ. രാജീവ് ജയദേവന്‍, സെക്രട്ടറി ശാലിനി സുധീന്ദ്രന്‍ എന്നിവര്‍ പറഞ്ഞു.

പ്ലാസ്റ്റിക്കുകള്‍ കത്തുമ്പോള്‍ ഉണ്ടാകുന്ന വിഷവാതകങ്ങള്‍ പരിസ്ഥിതിയ്ക്കും മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഒരുപോലെ ദോഷകരമാണ്. ചപ്പുചവറുകളോടൊപ്പം പ്ലാസ്റ്റിക്ബാഗുകളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും റബ്ബറും ജനവാസമുള്ള പൊതുസ്ഥലങ്ങളില്‍ കത്തിക്കുന്നത് നമ്മുടെ നാട്ടില്‍ പതിവാണ് . കേരളാ ഹൈക്കോടതി 2016 ല്‍ ഇത് നിരോധിച്ചതാണെങ്കിലും വേണ്ടത്ര അറിവില്ലാത്തവര്‍ ഇന്നും ഇതു ചെയ്യുന്നു. പരിസരവാസികളില്‍ കണ്ണുനീറല്‍, അലര്‍ജി, ചുമ, ശ്വാസംമുട്ട് മുതല്‍ കാന്‍സര്‍ വരെ ഇത് മൂലം ഉണ്ടാവാം. പിവിസി നിര്‍മ്മിതമായ പൈപ്പുകള്‍, കുപ്പികള്‍, വയറുകള്‍, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍ മുതലായവയാണ് ഏറ്റവും കൂടുതല്‍ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുന്നത്.

ശാസ്ത്രീയമായ സംസ്‌കരണത്തിന്റെ ആദ്യ പടി എന്ന നലയില്‍ അവരവരുടെ വീടുകളിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ ചിട്ടയായി തരം തിരിച്ച് ചാക്കുകളിലോ മറ്റിടങ്ങളിലോ സംഭരിക്കണം. തുടര്‍ന്ന് ഇവ ശാസ്ത്രീയമായി സംസ്‌കരിക്കുന്ന റസിഡന്റ് അസ്സോസിയേഷനുകള്‍ക്കോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ മുതലായ ഏജന്‍സികള്‍ക്കോ നല്‍കേണ്ടതാണെന്ന് ഡോ. രാജീവ് പറഞ്ഞു. ഗ്രീന്‍ കേരള മിഷന്റെ നേതൃത്വത്തില്‍ റോഡുകള്‍ ടാര്‍ചെയ്യുന്നതിന് പ്ലാസ്റ്റിക്കിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി വരുന്നുണ്ട്. ഡോ. സണ്ണി പി ഓരത്തേല്‍, ഡോ. സി.ജി. ബിന്ദു എന്നിവരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന മേഖയിലെ വിദഗ്ദരുമായി ചേര്‍ന്ന് സെമിനാറുകള്‍ സംഘടിപ്പിക്കുമെന്ന് ഡോ. ശാലിനി അറിയച്ചു.

TAGS: IMA |