പ്രവാസികൾക്ക് ഓൺലൈൻ ഡീമാറ്റ് അക്കൗണ്ടുകളുമായി ജിയോജിത്ത്

Posted on: November 11, 2021

കൊച്ചി : നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ (എന്‍.ആര്‍.ഇ.), നോണ്‍ റസിഡന്റ് ഓര്‍ഡിനറി (എന്‍.ആര്‍.ഒ.) ബാങ്ക് അക്കൗണ്ട് ഉടമകളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍ക്ക് ലോകത്തവിടെനിന്നും ഡീമാറ്റ്-ട്രേഡിംഗ് അക്കൗണ്ടുകള്‍ ഓണ്‍ലൈനായി തുറക്കാന്‍ അവസരം. സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് (സി.ഡി.എസ്.എല്‍.) മുഖാന്തരം നിക്ഷേപ സേവനസ്ഥാപനമായ ജിയോജിത്താണ് ഇതിന് അവസരമൊരുക്കുന്നത്.

ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറും പാന്‍ കാര്‍ഡും ഉള്ള എന്‍.ആര്‍.ഇ.,എന്‍.ആര്‍.ഒ. അക്കൗണ്ട് ഉടമകള്‍ക്ക് hello.geojit.com എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ഇതിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതുവഴി വിദേശ ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ വിപണിയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കാകാന്‍ സാധിക്കുമെന്ന് ജിയോജിത് വൈസ് പ്രസിഡന്റും ചീഫ് ഡിജിറ്റല്‍ ഓഫീസറുമായ ജോണ്‍സ് ജോര്‍ജ് പറഞ്ഞു.

ജിയോജിത് ഫിനാന്‍ഷ്യലിന്റെ അനുബന്ധ സ്ഥാപനമായ ജിയോജിത് ടെക്‌നോളജീസ് ആണ് ഓണ്‍ലൈന്‍ അക്കൗണ്ട് ഓപ്പണിങ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചത്. ജിയോജിത് എന്‍.ആര്‍.ഐ. ഇടപാടുകാരുടേതായി മാത്രം 6,000 കോടി രൂപയുടെ ആസ്തി കൈകാര്യം ചെയ്യുന്നുണ്ട്. യു.എസിലും കാനഡയിലുമുള്ള ഇന്ത്യക്കാര്‍ക്ക് നിലവില്‍ സൗകര്യം പ്രയോജനപ്പെടുത്താനാകില്ല.

 

TAGS: Geojit |