ജന്മനാടിനൊപ്പം മണപ്പുറം പദ്ധതി മലമ്പുഴയിലും

Posted on: September 6, 2021

മലമ്പുഴ: ‘ജന്മനാടിനൊപ്പം മണപ്പുറം’ പദ്ധതി മലമ്പുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്‌കൂളിലെ അര്‍ഹരായ അന്‍പത് വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം ചെയ്തു. മൊബൈല്‍ ഫോണുകള്‍ മണപ്പുറം ഗ്രൂപ്പ് ഓഫ് കമ്പനീസ് കോ പ്രമോട്ടര്‍ സുഷമ നന്ദകുമാര്‍ മലമ്പുഴ എം എല്‍ എയുമായ കെ പ്രഭാകരന് കൈമാറി.

മണപ്പുറം ഫൗണ്ടേഷന്‍ നടത്തി വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനാര്‍ഹമാണെന്ന് കെ പ്രഭാകരന്‍ അഭിപ്രായപ്പെട്ടു. മരുത റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണപ്പുറം ഫിനാന്‍സ് സീനിയര്‍ പി ആര്‍ ഓ കെ എം അഷ്‌റഫ് പദ്ധതി വിശദീകരിച്ചു.

മരുത റോഡ് മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ബി മുരളീധരന്‍, മുന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അശോകന്‍, ആരോഗ്യ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗോപിനാഥന്‍ ഉണ്ണിത്താന്‍, മണപ്പുറം ഫൗണ്ടേഷന്‍ സാമൂഹിക പ്രതിബദ്ധത വിഭാഗത്തില്‍ നിന്നും തോപ്പില്‍ അഖില, ശില്‍പ സെബാസ്റ്റ്യന്‍, കുട്ടികളുടെ രക്ഷിതാക്കള്‍, എന്നിവര്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുത്തു.

TAGS: Manappuram |