തുടർചലനങ്ങൾ നിലക്കാതെ നേപ്പാൾ ; മരണസംഖ്യ 2500 കവിഞ്ഞു

Posted on: April 26, 2015

Nepal-Rescue-Day-2-Big

കാഠ്മണ്ഡു : ഭൂചലനം നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 2,500 കവിഞ്ഞു. റിക്ടർസ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയത് ഉൾപ്പടെ ഇതേവരെ 34 തുടർചലനങ്ങളുണ്ടായി. തുടർചലനങ്ങൾ ഇനിയും നിലയ്ക്കാത്തത് ജനങ്ങളെ ആശങ്കയിൽ ആഴ്ത്തുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾ നീക്കുമ്പോൾ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് നേപ്പാൾ സർക്കാരും സ്ഥിരീകരിച്ചു.

കനത്ത മഴ രക്ഷാപ്രവർത്തനങ്ങളുടെ വേഗത കുറച്ചിട്ടുണ്ട്. ഓപ്പറേഷൻ മൈത്രി എന്ന പേരിൽ നേപ്പാളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വ്യോമസേനയും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സജീവമാണ്. എൻഡിആർഎഫിന്റെ 16 ടീമുകളെ രക്ഷാപ്രവർത്തനത്തിനായി നേപ്പാളിൽ വിന്യസിച്ചിട്ടുണ്ട്. 22 ടൺ ഭക്ഷ്യവസ്തുക്കൾ വ്യോമസേന ഞായഴാഴ്ച നേപ്പാളിൽ എത്തിച്ചു.

ടെന്റുകളും മൊബൈൽ ആശുപത്രികളും കരസേന നേപ്പാളിലേക്ക് അയച്ചിട്ടുണ്ട്. നേപ്പാളിൽ കുടുങ്ങിയ 1,200 ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിൽ തിരികെ എത്തിച്ചു. 66 ലക്ഷം ജനങ്ങളെ ഭൂചലനം ബാധിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. മരണസംഖ്യ 5,000 മോ 10,000 മോ ആയി ഉയർന്നാലും അത്ഭുതപ്പെടാനില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.