ഭൂചലനം നേപ്പാളിൽ 36 ഉം ഇന്ത്യയിൽ 17 ഉം പേർ മരണമടഞ്ഞു

Posted on: May 12, 2015

Nepal-May-12-E-quake-big-A

കാഠ്മണ്ഡു : ഇന്നുണ്ടായ കനത്ത ഭൂചലനത്തിൽ നേപ്പാളിൽ 36 ഉം ഇന്ത്യയിൽ 17 ഉം പേർ മരണമടഞ്ഞു. 1,100 ലേറെ പേർക്ക് പരിക്കേറ്റു. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.35 നാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7.3 രേഖപ്പെടുത്തിയ ആദ്യ ചലനത്തിൽ നേപ്പാളിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ശക്തമായ ആറ് തുടർ ചലനങ്ങളുമുണ്ടായി. തുടർചലനങ്ങളിൽ ഒന്നിന്റെ തീവ്രത 6.3 രേഖപ്പെടുത്തി.

ഡൽഹിയും ഡാക്കയും ഭൂചലനത്തിൽ വിറച്ചു. ബീഹാറിൽ 16 പേർ മരണമടഞ്ഞു. നൂറുകണക്കിന് വീടുകൾ തകർന്നു. പാറ്റ്‌ന ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രണ്ട് തവണ ശക്തമായ ഭൂചലനമുണ്ടായി. ദർബംഗ, സീതാമാർഹി, പൂർണിയ, സിവാൻ, കതിഹാർ ജില്ലകളിലാണ് ഭൂചലനം നാശം വിതച്ചത്.

ഉച്ചയ്ക്ക് 12.36 ആണ് ആദ്യം ഭൂചലനം ബീഹാറിനെ പിടിച്ചുകുലുക്കിയത്. ജനങ്ങൾ വീടുകളും ഓഫീസുകളും ഉപേക്ഷിച്ച് തുറസായ സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. ആദ്യ ചലനത്തിൽ ഭീതി അകലും മുമ്പേ 1.09 ന് രണ്ടാമതും ഭൂചലനമുണ്ടായത് ജനങ്ങളുടെ ആശങ്കവർധിപ്പിച്ചു. നൂറുകണക്കിന് കുടുംബങ്ങൾ ഗാന്ധി മൈതാനിയിലും ഇക്കോപാർക്കിലും അഭയം തേടി. ഇവർക്ക് ഭക്ഷണവും വെള്ളവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താൻ മുഖ്യമന്ത്രി നിതീഷ് കുമാർ നിർദേശിച്ചു.

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടയുടനെ ആളുകൾ കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടി. ഡൽഹി മെട്രോ സർവീസ് നിർത്തിവച്ചു. ബഹുനില കെട്ടിടങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയോടും വ്യോമസേനയോടും ജാഗ്രത പുലർത്താൻ കേന്ദ്രഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

നേപ്പാളിലെ സിന്ധുപാൽ ചൗക്കിൽ അഞ്ചു ഡോലാഖ ജില്ലയിൽ ആറും കാഠ്മണ്ഡുവിൽ മൂന്നും പേർ മരണമടഞ്ഞു. കൂടുതൽ നാശനഷ്ടങ്ങൾ അറിവായിട്ടില്ല. തിബറ്റൻ അതിർത്തിയിൽ എവറസ്റ്റിനോട് ചേർന്ന നാംചെ ബസാറിൽ നിന്ന് 68 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ത്രിഭുവൻ എയർപോർട്ട് അടച്ചിട്ടിരിക്കുകയാണ്. ഏപ്രിൽ 25 ന് ഉണ്ടായ ഭൂചലനത്തിൽ 8,000 ലേറെപ്പേർ മരണമടയുകയും 17,000 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.