കേരള ടൂറിസത്തിനു ലോൺലി പ്ലാനറ്റ് പുരസ്‌കാരം

Posted on: November 9, 2013

Kerala-Tourism-Director-Mr-

കുടുംബസമേതം സഞ്ചരിക്കാവുന്ന മികച്ച ലോകത്തെ പത്തു വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ലോൺലി പ്ലാനറ്റ് ട്രാവൽ മാഗസിൻ കേരളത്തെ തെരഞ്ഞെടുത്തു. ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർട്ടിൽ കേരള ടൂറിസം ഡയറക്ടർ എസ്. ഹരികിഷോർ പുരസ്‌കാരം ഏറ്റുവാങ്ങി.

ന്യൂയോർക്ക് സിറ്റി, ഡെൻമാർക്ക്, പ്രാഗ്, ഐസ്‌ലൻഡ്, ഇറ്റലി, ഹവായ് തുടങ്ങിയവയ്‌ക്കൊപ്പമാണ് കുടുംബങ്ങൾക്ക് യോജിച്ചതും ശിശു സൗഹൃദവുമായ വിനോദസഞ്ചാര കേന്ദ്രമായി കേരളത്തെയും തെരഞ്ഞെടുത്തത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കേരളം സ്വസ്ഥമായി സഞ്ചരിക്കാനാകുന്ന ഇടമാണെന്ന് ലോൺലി പ്ലാനറ്റ് ചൂണ്ടിക്കാട്ടി.

കേരള ടൂറിസത്തിന് വളരാനാവശ്യമായ വലിയൊരു അവസരമാണ് ട്രാവൽ മാർട്ട് ഒരുക്കിത്തന്നതെന്നും, സാമ്പത്തിക പ്രതിസന്ധിക്കുശേഷം യൂറോപ്പിന്റെ മറ്റു മേഖലകളിൽ നിന്നുമുള്ള സഞ്ചാരികളുടെ വീണ്ടെടുപ്പിനും വരും വർഷങ്ങൾ സാക്ഷ്യം വഹിക്കുമെന്നും ഹരികിഷോർ പറഞ്ഞു. ഏറെ ശ്രദ്ധേയമായ ലോൺലി പ്ലാനറ്റ് പുരസ്‌കാരത്തിലൂടെ കേരളം ആദരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ നിന്നു അബാദ് ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, കർണോസൈറ്റ് ബീച്ച് റിസോർട്ട് ആൻഡ് ആയുർവേദ സ്പാ, ഇന്റർസൈറ്റ് ടൂർസ് ആൻഡ് ട്രാവൽസ്, ജയശ്രീ ട്രാവൽസ് ആൻഡ് ടൂർസ്, ജോയ്‌സ് റിസോർട്ട്‌സ് ആൻഡ് ഹോട്ടൽസ്, കെടിഡിസി ഹോട്ടൽസ് ആൻഡ് റിസോർട്‌സ്, കുമരകം ലേക് റിസോർട്‌സ്, ലേക് പാലസ് റിസോർട്‌സ്, സ്‌പൈസ്‌ലാൻഡ് ഹോളിഡേയ്‌സ്, ഉദയസമുദ്ര ലെയ്ഷ്വർ ബീച്ച് ഹോട്ടൽ ആൻഡ് സ്പാ, വൈത്തിരി റിസോർട്ട്, വൈദ്യരത്‌നം ഔഷധശാല എന്നിവയാണ് വേൾഡ് ട്രാവൽ മാർട്ടിൽ കേരള ടൂറിസത്തിനൊപ്പമുണ്ടായിരുന്നത്.