ഹിറ്റാച്ചി 10,000 വൈറ്റ് ലേബല്‍ എടിഎമ്മുകള്‍ സ്ഥാപിച്ചു

Posted on: March 28, 2024

കൊച്ചി : രാജ്യത്തെ പേയ്‌മെന്റ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസിന്റെ വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ എണ്ണം 10,000 എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ആകെ സ്ഥാപിച്ചിട്ടുള്ള ഹിറ്റാച്ചി എടിഎമ്മുകളുടെ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്. ഹിറ്റാച്ചി മണി സ്‌പോട്ട് എടിഎം എന്ന ബ്രാന്‍ഡിലുള്ള ഈ എടിഎമ്മുകള്‍ പ്രധാനമായും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്.

2013-ലാണ് ഡബ്ല്യുഎല്‍എ ലൈസന്‍സുമായി ഹിറ്റാച്ചി വൈറ്റ് ലേബല്‍ എടിഎമ്മുകളുടെ രംഗത്ത് എത്തിയത്. നിലവില്‍ ക്യാഷ് ഡെപോസിറ്റ് സൗകര്യം നല്‍കുന്ന ഏക ഡബ്ല്യുഎല്‍എ ഓപറേറ്റര്‍ ഹിറ്റാച്ചിയാണ്. കാര്‍ഡുകള്‍ ഇല്ലാതെ പണം പിന്‍വലിക്കാനായി ആന്‍ഡ്രോയ്ഡ് സംവിധാനത്തില്‍ യുപിഐ എടിഎമ്മും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ മേഖലകളിലേക്ക് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിലൂടെ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നത് തുടരുകയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വളര്‍ച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുമെന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസ്, ക്യാഷ് ബിസിനസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമില്‍ വികാംസെ പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും വിദൂരമായ മേഖലകളിലേക്കു സേവനങ്ങള്‍ വിപുലീകരിക്കുവാന്‍ തങ്ങള്‍ക്കു പ്രതിബദ്ധതയുണ്ടെന്ന് ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസസ്, സൈറ്റ് അക്വസിഷന്‍ & പ്രൊജക്ട്‌സ് ഡയറക്ടര്‍ സന്തോഷ് നായര്‍ പറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമഗ്രമായ സാന്നിധ്യം ഇപ്പോള്‍ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.