ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്‌സ് ഗ്രൂപ്പുമായി കരാര്‍

Posted on: March 7, 2024

തിരുവനന്തപുരം : ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതിയുടെ വികസനത്തിന് മോറെക്‌സ് ഗ്രൂപ്പുമായി കരാര്‍ ഒപ്പുവച്ച് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ്. വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമാണിത്. പദ്ധതിയുടെ കരാര്‍ ലൈസന്‍സ് മന്ത്രി പി എ മുഹമ്മദ് റിയാസ് മോറെക്‌സ് ഗ്രൂപ്പ് ഓഫ്കമ്പനീസ് ചെയര്‍മാന്‍ ഷെരീഫ് മൗലക്കിരിയത്തിന് കൈമാറി.

ടൂറിസം നിക്ഷേപ സംഗമത്തിന്റെ (ടിഐഎം) ഭാഗമായി ലഭിച്ച നിക്ഷേപ നിര്‍ദേശങ്ങളില്‍ ആദ്യം നടപ്പാക്കുന്ന പദ്ധതിയാണിത്. 15,000കോടി രൂപയുടെ നിക്ഷേപ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവന്ന ടി.ഐ.എ.ജില്‍ സര്‍ക്കാര്‍ പദ്ധതി വിഭാഗത്തിലാണ് ബേക്കല്‍ ടൂറിസം വില്ലേജ് പദ്ധതി അവതരിപ്പിച്ചത്.

നിരവധിനിക്ഷേപകര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാല്‍ താല്‍പ്പര്യപത്രം ക്ഷണിച്ചാണ് കമ്പനിയെ തെരഞ്ഞെടുത്തത്. പദ്ധതിക്കായി മോറെക്‌സ് ഗ്രൂപ്പ് രണ്ട് ഘട്ടങ്ങളിലായി 250 കോടി രൂപ നിക്ഷേപിക്കും. കരാര്‍ പ്രകാരം കാസര്‍കോട് ജില്ലയിലെ ഹൊസ്ദുര്‍ഗ് താലൂക്കിലെ അജാനൂര്‍ പഞ്ചായത്തിലെ കൊളവയലിലെ 31.18 ഏക്കര്‍ഭൂമി മോറെക്‌സ് ഗ്രൂപ്പിന് കൈമാറും. 30 വര്‍ഷമാണ് ലൈസന്‍സ്.