റൺവേ അടയ്ക്കൽ കയറ്റുമതിക്ക് വൻ തിരിച്ചടി

Posted on: March 14, 2015

Calicut-Airport-big

കോഴിക്കോട് : അറ്റകുറ്റപ്പണികൾക്കായി കോഴിക്കോട് വിമാനത്താവളത്തിന്റെ റൺവേ അടച്ചിടാനുള്ള തീരുമാനം കയറ്റുമതി മേഖലയിൽ കോടികളുടെ നഷ്ടത്തിന് ഇടയാക്കും. പ്രതിദിനം 40 ടൺ പച്ചക്കറിയാണ് കോഴിക്കോട് വിമാനത്താവളം വഴി ഗൾഫിലേക്ക് കയറ്റുമതി ചെയ്യുന്നത്. വലിയ വിമാനങ്ങൾ സർവീസ് നിർത്തുന്നതോടെ കയറ്റുമതി മൂന്നിലൊന്നായി കുറയും. പെരുന്നാൾ, ഓണം സീസണുകളിലെ ഓർഡറുകൾ സ്വീകരിക്കാനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പച്ചക്കറി കയറ്റുമതി 1000 പേർക്ക് നേരിട്ടും 5,000 പേർക്ക് അല്ലാതെയും തൊഴിൽ നൽകുന്നുണ്ടെന്ന് കാലിക്കട്ട് എക്‌സ്‌പോർട്ട് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പുതിയ സാഹചര്യത്തിൽ കയറ്റുമതി മംഗലാപുരം, കൊച്ചി വിമാനത്താവളങ്ങളിലേക്ക് വഴിമാറുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താതെ റൺവേ അടച്ചിടാനുള്ള നീക്കത്തിന് എതിരെ പ്രവാസി സമൂഹവും എതിർപ്പുകളുമായി രംഗത്തുവന്നിട്ടുണ്ട്.

മെയ് ഒന്നു മുതൽ ഒക്ടോബർ 31 വരെ വിമാനത്താവളം ഭാഗികമായി അടച്ചിടുമെന്നാണ് എയർപോർട്ട് അധികൃതർ പറയുന്നതെങ്കിലും നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ഒരു വർഷത്തോളം വേണ്ടി വരുമെന്നാണ് വിലയിരുത്തൽ.

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 160 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് എയർപോർട്ട് അഥോറിട്ടി നടപ്പാക്കുന്നത്. 100 കോടി രൂപ മുതൽമുടക്കിൽ പുതിയ ടെർമിനലും 60 കോടി രൂപ ചെലവിൽ റൺവേ നവീകരണവും ഉൾപ്പടെയാണിത്. എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേസ്, ഖത്തർ എയർവേസ്, സൗദി എയർലൈൻസ്, ഒമാൻ എയർ, എയർ അറേബ്യ, ജെറ്റ് എയർവേസ്, ഇൻഡിഗോ, എയർഇന്ത്യ എക്‌സ്പ്രസ്, എയർഇന്ത്യ, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ കമ്പനികളാണ് കോഴിക്കോട്ടു നിന്നും സർവീസ് നടത്തുന്നത്.