23 കോടിയുടെ വില്പ്പനയുമായി കുടുംബശ്രീ

Posted on: September 1, 2023

തിരുവനന്തപുരം : ഓണവിപണിയില്‍ വിജയഗാഥ തീര്‍ത്ത് കുടുംബശ്രീ, 23.09 കോടി രൂപയുടെ കച്ചവടമാണ് കുടുംബശ്രീയുടെ 1,087 ഓണച്ചന്തകളിലായി നടന്നത്. കഴിഞ്ഞ വര്‍ഷം ഇതു 19 കോടിയായിരുന്നു. ഇക്കുറി 4 കോടിയുടെ വര്‍ധന, എല്ലാ സിഡിഎസ് തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും കുടുംബ
ശ്രീ ഓണം വിപണന മേളകളൊരുക്കിയിരുന്നു. 3.25 കോടി രൂപയുടെ വില്പ്പന നടത്തിയ എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ മേളകള്‍ നടത്തിയത് മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളിലാണ്.

വിലക്കയറ്റം തടയാന്‍ സഹായിച്ച സര്‍ക്കാരിന്റെ വിപണി ഇടപെടലില്‍, കുടുംബശ്രീ ശ്രദ്ധേയമായ ഒരു പങ്ക് വഹിച്ചതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളും കുടുംബശ്രീ ഓണച്ചന്തകള്‍ക്കു മികച്ച പിന്തുണ നല്‍കി.

കുടുംബശ്രീയുടെ 20,990 സ്വയം സഹായക സംഘങ്ങളുടെയും 28,401 ചെറുകിട സംരംഭങ്ങളുടെയും ഉത്പ്പന്നങ്ങള്‍ മേളയില്‍ വില്പ്പന നടത്തി. കുടുംബശ്രീ കൃഷി നടത്തി ഉത്പാദിപ്പിച്ച പൂക്കളുടെ വില്പ്പന ഇക്കുറി ഓണം മേളകളിലെ പ്രധാന ആകര്‍ഷണമായിരുന്നു. അടുത്ത ഓണത്തിന് കൂടുതല്‍ വിപുലമായി പൂകൃഷി സംസ്ഥാനമെങ്ങും വ്യാപിപ്പിക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ വ്യാപകമായ പച്ചക്കറി കൃഷി നടത്താനുള്ള നടപടികളും ആരംഭിച്ചു.