ട്വിറ്ററിന്റെ അഞ്ചാമത്തെ ലോഗോ എക്‌സ്

Posted on: July 25, 2023

സാന്‍ ഫ്രാന്‍സിസ്‌കോ : സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരും ലോഗോയും മാറ്റി ഉടമ ഇലോണ്‍ മസ്‌ക്. എക്‌സ് എന്നാണ് കമ്പനിയുടെ പുതിയ പേര്. എക്‌സ് എന്ന ഇംഗ്ലിഷ് അക്ഷരമാണ് ലോഗോ. എക്‌സ് എന്ന അക്ഷരം ഉപയോഗിച്ച് ലോഗോ രൂപകല്‍പന ചെയ്യാന്‍ മസ്‌ക് ഫോളോവര്‍മാരോട് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് യുഎസിലെ വസ്ത്രനിര്‍മാണ കമ്പനിയായ ട്വിന്‍ ബിര്‍ച് സഹസ്ഥാപകന്‍ സേയര്‍ മെറിറ്റ് രൂപകല്‍പന ചെയ്ത ലോഗോ ട്വിറ്ററിന്റെ ഔദ്യോഗിക ലോഗോ ആയി സ്വീകരിക്കുകയായിരുന്നു.

മസ്‌ക് തന്റെ ട്വിറ്റര്‍ പ്രൈാഫൈല്‍ ചിത്രമാക്കിയ എക്‌സ് ചിത്രം കമ്പനിയുടെ ഔദ്യോഗിക ലോഗോയായി പ്രഖ്യാപിച്ചത് സിഇഒ ലിന്‍ഡ യാകരിനോയാണ്. തുടര്‍ന്ന്, പുതിയ ട്വിറ്ററിന്റെ ഔദ്യോഗിക അക്കൗണ്ടുകളെല്ലാം നീലക്കിളിയെ മാറ്റി പകരം പുതിയ ലോഗോയാക്കി. ഗൂഗിള്‍ പ്ലേ സ്റ്റോറിലും
ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ട്വിറ്റര്‍ ലോഗോ പഴയതു തന്നെയാണ്.

എന്നാല്‍, കമ്പനിയുടെ പേര് എക്‌സ്.കോര്‍പ് എന്ന് മാറ്റിയിട്ടുണ്ട്. മസ്‌കിന്റെ കമ്പനിയായ എക്‌സ്. കോം ഇപ്പോള്‍ ട്വിറ്റര്‍ ആണ് പ്രദര്‍ശിപ്പിക്കുന്നത്. ട്വീറ്റ് ഉള്‍പ്പെടെയുള്ളട്വിറ്റര്‍ അനുബന്ധ പദങ്ങളും’എക്‌സ് വല്‍ക്കരിക്കപ്പെടുമെന്ന് മസ്‌ക് സൂചിപ്പിച്ചു.

പേക്‌സ് എക്‌സ്, എക്‌സ്എഐ തുടങ്ങിയ മസ്‌കിന്റെ മറ്റു സംരംഭങ്ങളിലും എക്‌സിനു മുഖ്യസ്ഥാനമാണുള്ളത്. സ്‌പേസ് എക്‌സ്, സ്റ്റാര്‍ലിങ്ക്, എക്‌സ്എഐ എന്നീ കമ്പനികളുടെ ലോഗോയും
എക്‌സിന്റെ വിവിധ രൂപങ്ങളാണ്.